ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടകേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കുന്നതിനായി പഠനംനടത്തിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല.
അപകടനിരക്ക് കുടൂതലുള്ള ഒറ്റപ്പാലം, ഷൊർണൂർ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് സുരക്ഷയൊരുക്കാൻ മോട്ടോർവാഹനവകുപ്പും പോലീസും പൊതുമരാമത്ത് നിരത്ത് വിഭാഗവും ചേർന്ന് റോഡിൽ പരിശോധന നടത്തിയിരുന്നത്.
പത്തിരിപ്പാല പാലപ്പുറം, ചിനക്കത്തൂർകാവ്, കയറംപാറ, പത്തൊമ്പതാം മൈൽ, ഈസ്റ്റ് ഒറ്റപ്പാലം, മായന്നൂർപാലം ജംഗ്ഷൻ, ഒറ്റപ്പാലം പട്ടണം, കണ്ണിയംപുറം, മനിശ്ശീരി, പാതിപ്പാറ, വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഈ സ്ഥലങ്ങളിലെല്ലാം അപകടം പതിവാണ്. പരിശോധനാറിപ്പോർട്ട് റോഡ് സുരക്ഷാ അഥോറിറ്റിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ചില സുരക്ഷാ നിർദേശങ്ങൾ സുരക്ഷാ അഥോറിറ്റി മുഖാന്തരവും ചിലത് അതത് തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരവും നടപ്പാക്കാനായിരുന്നു പദ്ധതി.
കയറംപാറയിലെ വളവിലുൾപ്പെടെ വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലെന്നും, അപകടമേഖലകളിലൊന്നും, മുന്നറിയിപ്പ് ബോർഡുകൾ ഇല്ലെന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവർ കണ്ടെത്തിയിരുന്നു. കൂടാതെ പാതയിൽ തെരുവുവിളക്കുകളില്ലാത്തതും പ്രശ്നമുണ്ടാക്കുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
Tags : nattuvisheasham local