കൊടകര: കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ മൂന്നുദിവസത്തെ ദേശീയ കോണ്‍ഫറന്‍സ് തുടങ്ങി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേല്‍ ഉദ്ഘാടനംചെയ്തു.
രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം മെച്ചപ്പെട്ടതിനുപിന്നില് പുതിയ മരുന്നുകളുടെ കണ്ടുപിടിത്തവും ഒരുരോഗത്തിന് പ്രത്യേകമായുള്ള ആരോഗ്യസംരക്ഷണത്തിലെ വലിയ മാറ്റവുമാണെന്ന് ഡോ. മോഹനന് കുന്നമ്മേല്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും മെഡിക്കല്‍ സ്പെഷാലിറ്റികള്ക്കും ചികിത്സയ്ക്കും പകരമാകില്ലെങ്കിലും ഒരു ഡോക്ടര്‍ക്ക് സ്വന്തം തൊഴിലില്‍ മികവുപുലര്ത്തണമെങ്കില് ഈ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിഞ്ഞേ തീരുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി. സതീശന് മുഖ്യ പ്രഭാഷണം നടത്തി. കാന്‍സര്‍ ചികിത്സാരംഗത്തെ വെല്ലുവിളികളും ഭാവി സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.
സഹൃദയ കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ റവ ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷതവഹിച്ചു. കോളജ് ഡയറക്ടര്‍ ഡോ. ലിയോണ്‍ ഇട്ടിയച്ചന്, കണ്‍വീനര്‍ ഡോ. അമ്പിളി മേച്ചൂര്, പ്രിന്‍സിപ്പല്‍ ഡോ .എസ്.രാംകുമാര്‍, ബയോടെക്നോളജി വകുപ്പ് മേധാവി ഡോ. ധന്യ ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു. കോളജിലെ നാല് വേദികളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ 350 പേര് പങ്കെടുക്കുന്നു. നാളെ നടക്കുന്ന സമാപനസമ്മേളനത്തില്‍ ആരോഗ്യരംഗത്തെ നൂതന പ്രവണതകളെക്കുറിച്ചും നിയന്ത്രണ മാനദണ്ഡങ്ങളെക്കുറിച്ചും വിദഗ്ധ പാനല്‍ ചര്‍ച്ച ഉണ്ടാകും.
ജില്ല കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
Tags : nattu vishesham AICTE Conference