തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ എൻസിഡിസിയുടെ അവാർഡ് ഏറ്റുവാങ്ങുന്നു.
മണ്ണാർക്കാട്: അലനല്ലൂർ സർവീസ് സഹകരണ ബാങ്കിനു വീണ്ടും പുരസ്കാരം. ദേശീയ സഹകരണ വികസന കോർപറേഷൻ ഏർപ്പെടുത്തിയ 2025ലെ റീജണൽ അവാർഡ് ഫോർ കോഓപറേറ്റീവ് എക്സലൻസ് ആൻഡ് മെറിറ്റിൽ സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ ബാങ്കായി അലനല്ലൂർ സർവീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
ഗുണമേന്മയുള്ള സേവനങ്ങളും ജനകീയ ഇടപെടലുകളുമാണ് പുരസ്കാരത്തിന് അർഹരാക്കിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇതു മൂന്നാമത്തെ പുരസ്കാരമാണ് ബാങ്കിനെ തേടിയെത്തുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ് നേടിയ ബാങ്ക് ഈ വർഷം ജനുവരിയിൽ മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന്റ് രണ്ട് അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
ബാങ്കിംഗ് സ്ഥാപനത്തിനപ്പുറം അലനല്ലൂരിന്റെ സാമൂഹിക കാർഷിക മേഖലയിൽ അറിവാജ്യ ഘടകമായി മാറിയ ഈ ബാങ്കിന് 80 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ജില്ലയിലെ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് ബാങ്കായ ഈ സ്ഥാപനം കാൽ നൂറ്റാണ്ടിലധികമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.
300 കോടിയിലേറെ നിക്ഷേപവും 340 കോടിയിലേറെ വായ്പയും 13000 ൽപരം അംഗങ്ങളും ബാങ്കിനുണ്ട്. അംഗങ്ങൾക്ക് 20% ആണ് ലാഭവിഹിതം നൽകുന്നത്.
കൂടാതെ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്കിന് ഒട്ടേറെ സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.
നീതി മെഡിക്കൽ സ്റ്റോർ, നീതി ലാബ്, രാസവള ഡിപ്പോ, അഗ്രി മാർട്ട്, ആംബുലൻസ് സർവീസ്, കർഷക സേവന കേന്ദ്രം തുടങ്ങി ബാങ്കിംഗ് ഇതര ജനക്ഷേമ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ സഹകരണ വകുപ്പ് രജിസ്ട്രാർ സാജിദ് ബാബുവിൽനിന്ന് എൻസിഡിസിയുടെ അവാർഡ് ബാങ്ക് ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങി.
ബാങ്ക് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹ്്മാൻ, സെക്രട്ടറി പി. ശ്രീനിവാസൻ, ഭരണസമിതി അംഗങ്ങളായ ടി. രാജകൃഷ്ണൻ, ടി. ബാലചന്ദ്രൻ, വി. ഉസ്മാൻ, എം. ശ്രീധരൻ, ശ്രീജ, ഇ. ബിന്ദു, ഷെറീന മുജീബ് എന്നിവർ സംബന്ധിച്ചു.