തൊടുപുഴ: ലഹരിസംഘങ്ങളെ കുടുക്കാന്‍ എക്സൈസും പോലീസും ഡാന്‍സാഫ് ടീമും വലവിരിക്കുമ്പോഴും തൊടുപുഴ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും ഒഴുകുന്നു. പുതുതലമുറയെ ആകര്‍ഷിക്കാനായി ഇപ്പോള്‍ സിന്തറ്റിക് ലഹരിയുമായാണ് മാഫിയ സംഘങ്ങള്‍ തമ്പടിക്കുന്നത്. തിങ്കളാഴ്ച തൊടുപുഴ അറയ്ക്കപ്പാറയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍നിന്ന് എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. സമീപ പ്രദേശങ്ങളിലെ കലാലയങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരിവ്യാപാരം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മേഖലയില്‍ ഇടപാടുകാരായി വന്നുപോകുന്നതായി നാട്ടുകാരും പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാഫിയ സംഘങ്ങള്‍ ലഹരിവസ്തുക്കളുടെ വിപണനവും കടത്തലും തകൃതിയായി നടത്തിവരുന്നുണ്ട്. ദിനംപ്രതി കഞ്ചാവും രാസലഹരി കേസുകളും പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനേക്കാള്‍ പതിന്മടങ്ങായാണ് വീണ്ടും ലഹരിമരുന്ന് വില്‍പ്പന സജീവമാകുന്നത്. കഞ്ചാവ്, ഹൈബ്രീഡ് കഞ്ചാവ് എന്നിവയ്ക്കു പുറമേ ഹാഷിഷ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കളാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. ലഹരിക്കച്ചവടത്തിലെ ഇടനിലക്കാരായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ തന്നെയാണ് ഇവര്‍ കരുവാക്കുന്നത്.
പിടിക്കപ്പെടുന്നത്
നിരവധി കേസുകള്‍
തിങ്കളാഴ്ച രാവിലെയാണ് തൊടുപുഴ അറയ്ക്കപ്പാറയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍നിന്ന് 39 ഗ്രാം കഞ്ചാവും 10 ഗ്രാം എംഡിഎംഎയുമായി നെയ്യശേരി ഇടനയ്ക്കല്‍ ഹാരിസ്, മൈലക്കൊമ്പ് കണ്ണീറ്റില്‍ തോംസണ്‍ എന്നിവര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വാടകയ്ക്കെടുത്ത അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ ലഹരി ഇടപാട് നടത്തിയിരുന്നത്. ഇവര്‍ക്കൊപ്പം രണ്ടു പെണ്‍കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് ലഹരിവില്‍പ്പനയുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിവില്‍പ്പന നടത്തുന്ന ഹാരിസ് ഇതിനു മുമ്പും ലഹരിവസ്തുക്കളുമായി പിടിയിലായിട്ടുണ്ട്.
ഏതാനും മാസം മുമ്പ് വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായിരുന്നു. തൊടുപുഴ ആര്‍പ്പാമറ്റം കണ്ടത്തിന്‍കരയില്‍ കെ.കെ. ഹാരിസിനെയാണ് തൊടുപുഴ പോലീസ് 1.49 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. തൊടുപുഴ നഗരത്തിലെ വ്യാപാരസ്ഥാപനത്തില രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേരെ എംഡിഎംഎയുമായി പിടികൂടിയതും ഏതാനും മാസം മുമ്പായിരുന്നു. 1.79 ഗ്രാം എംഡിഎംഎയുമായി തട്ടക്കുഴ സ്വദേശി അഖില്‍ കുമാര്‍, ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന ഫെമില്‍ എന്നിവരെയും പിന്നീട് ഉടുമ്പന്നൂര്‍ തട്ടക്കുഴ സ്വദേശി ഫൈസല്‍ ജബ്ബാറിനെയുമാണ് ഡിവൈഎസ്പിയുടെ സ്ക്വാഡ് പിടികൂടിയത്.
പെരുമ്പിള്ളിച്ചിറയില്‍ അപ്പാര്‍ട്ട്മെന്റും ഹോം സ്റ്റേകളും വിദ്യാര്‍ഥികള്‍ക്ക് വാടകയ്ക്ക് നല്കുന്നയാളും നേരത്തേ ലഹരിക്കേസില്‍ പിടിയിലായിരുന്നു.
ദിനം പ്രതി
കഞ്ചാവ് കേസ്
സിന്തറ്റിക് ലഹരി വ്യാപകമാകുന്നതിനിടെ ജില്ലയില്‍ കഞ്ചാവ് വില്‍പ്പനയും തകൃതിയായി നടന്നു വരുന്നുണ്ട്. ഈ മാസം വിവിധ സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകള്‍ പിടികൂടി. തിങ്കളാഴ്ച അടിമാലിയില്‍ 2.392 കിലോ കഞ്ചാവുമായി കാഞ്ചിയാര്‍ തൊപ്പിപ്പാള തേക്കിലക്കാട്ട് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ചിത്തണ്ണി സ്വദേശി കുടമാളൂര്‍ശേരി കെ.വി. അമല്‍ 1.800 കിലോ കഞ്ചാവുമായാണ് കരിമണല്‍ പോലീസിന്റെ കസ്റ്റഡിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 4.096 കിലോ കഞ്ചാവുമായി കഴിഞ്ഞ 31ന് കീരിത്തോട് ഇരമംഗലത്ത് സന്തോഷ്, കത്തിപ്പാറ കടുന്പുകളത്തില് അശ്വിന് സോമരാജന് എന്നിവര്‍ രാജാക്കാട് പോലീസിന്റെ പിടിയിലായി.
പിടിയിലായവരില്‍
സെലിബ്രിറ്റികളും
മറ്റു ജില്ലകളില്‍നിന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ സെലിബ്രിറ്റികളില്‍ നിന്നു സിന്തറ്റിക് ലഹരി പിടികൂടിയ സംഭവങ്ങളും നേരത്തേയുണ്ടായിട്ടുണ്ട്. ഹൈബ്രീഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാനായ ആര്‍ജി വയനാടന്‍ എന്ന രഞ്ജിത് ഗോപിനാഥനെ എക്സൈസ് സംഘം വാഗമണ്‍ റോഡില്‍നിന്നു പിടികൂടിയിരുന്നു. ബിഗ് ബോസ് താരം പരീക്കുട്ടിയും നേരത്തേ ലഹരിവസ്തുക്കളുമായി പിടിയിലായിരുന്നു.
എംഡിഎംഎ പോലുള്ള രാസലഹരികളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി എക്സൈസും പറയുന്നു. ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ്. കോളജ് വിദ്യാര്‍ഥികളില്‍ ചിലര്‍ ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും തുടര്‍ന്നുകൊണ്ടുപോകാന്‍ വില്‍പ്പനക്കാരായി മാറുകയും ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥികളെ
ആകര്‍ഷിച്ച്
ലഹരി മാഫിയ
വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളില്‍നിന്നെത്തി സ്വകാര്യ ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും വാടക വീടുകളിലും കഴിയുന്ന വിദ്യാര്‍ഥികാണ് കൂടുതലായി ലഹരിക്കച്ചവടക്കാരുടെ ആകര്‍ഷണവലയത്തില്‍ വീഴുന്നത്. അവധി ലഭിച്ചാലും വീടുകളില്‍ പോകാതെ ഹോസ്റ്റലുകളിലും ഹോംസ്റ്റേകളിലും കഴിയുന്ന വിദ്യാര്‍ഥികള്‍ തൊടുപുഴ നഗരത്തില്‍ അസമയത്തുപോലും ചുറ്റിക്കറങ്ങുന്നത് പതിവു കാഴ്ചയാണ്. പല വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കും ഇത്തരം വിവരങ്ങള്‍ അറിയാമെങ്കിലും അവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല.
ലഹരി ഉപയോഗവും വില്‍പ്പനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരില്‍ മാത്രമായി അന്വേഷണം ഒതുങ്ങുകയാണെന്നും ആക്ഷേപമുണ്ട്. ലഹരി എത്തുന്ന കേന്ദ്രങ്ങളെ സംബന്ധിച്ച് തുടരന്വേഷണം നടക്കുന്നില്ല. വില്‍പ്പനയ്ക്കെത്തുന്ന ലഹരിമരുന്നിന്റെ ചെറിയ ഒരു ഭാഗം മാത്രമാണു പിടികൂടുന്നതും. പല കേസുകളിലും പ്രതികളെ രക്ഷിക്കാന്‍ ഉന്നത ഇടപെടലും ഉണ്ടാകുന്നുണ്ടെന്നാണ് വിവരം. ഇതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരേ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നുണ്ട്. ലഹരി ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിനെ അറിയിക്കാം. ഫോണ്‍: 9497912594.
കഞ്ചാവുമായി
യുവാവ് പിടിയില്‍
അടിമാലി: കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിലായി. തൊപ്പിപ്പാള തേക്കിലക്കാട്ട് രാജേഷ് (44) ആണ് പിടിയിലായത്. വില്‍പ്പനയ്ക്ക് കഞ്ചാവുമായി സ്കൂട്ടറില്‍ എത്തിയ പ്രതിയെ മച്ചിപ്ലാവ് സ്കൂള്‍പടി ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. 2.392 കിലോ കഞ്ചാവ് ഇയാളില്‍നിന്നു കണ്ടെടുത്തു.
അടിമാലി പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.