നിലന്പൂർ: പാത്തിപ്പാറ-ഏനാന്തി റോഡ് ടാറിംഗ് പ്രവൃത്തിയിൽ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ച് പ്രവൃത്തി നാട്ടുകാർ തടഞ്ഞു. റീ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കൈകൊണ്ട് ചികഞ്ഞപ്പോൾ ടാർ ചെയ്ത ഭാഗങ്ങൾ അടർന്നുപോന്നതോടെയാണ് പ്രതിഷേധമുയർന്നത്.
മണ്ണിട്ട് അതിന് മുകളിൽ അശാസ്ത്രീയമായ രീതിയിൽ ടാറിംഗ് നടത്തിയതാണ് ടാറിംഗ് പൊളിയാൻ കാരണമെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. റീ ടാറിംഗ് പ്രവൃത്തിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. എസ്റ്റിമേറ്റ് പ്രകാരം റോഡ് റീ ടാറിംഗ് പ്രവൃത്തി നടത്തണമെന്നും അശാസ്ത്രീയ നിർമാണം അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.
ഇതോടെ കരാറുകാരൻ പ്രവൃത്തി നിർത്തിവച്ചു. പാത്തിപ്പാറ- ഏനാന്തി ഭാഗത്തെ റോഡ് തകർന്നതിനെ തുടർന്ന് റീ ടാറിംഗ് നടത്തണമെന്ന നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യത്തെ തുടർന്നാണ് നവീകരണ പ്രവൃത്തി തുടങ്ങിയത്.
എന്നാൽ തുടക്കത്തിൽ തന്നെ പ്രതിഷേധമുയരുകയായിരുന്നു. പ്രദേശവാസികളായ ബാവ പെരുംപനച്ചി, മുസ്തഫ ഗനി പുലിക്കുന്നേൽ, നൗഷാദ്, അഷറഫ്, കിരാദാസ്, മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Tags : nattu vishesham Allegations corruption in road tarring