ഐറിഷ് പ്രവൃത്തി നടത്താത്ത എരപ്പാൻതോട് - വട്ടച്ചിറ മുക്ക് ഭാഗത്തെ റോഡ്
കൂരാച്ചുണ്ട്: നവീകരണ പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ടാറിംഗിന് ഇരു ഭാഗങ്ങളിലും പൂർണമായി കോൺക്രീറ്റിലുള്ള ഐറിഷ് പ്രവർത്തി നടത്തിയില്ലെന്ന് ആക്ഷേപം. കൂട്ടാലിട - കൂരാച്ചുണ്ട് റോഡിലെ എരപ്പാൻതോട് മുതൽ പതിയിൽ കവല വരെ നവീകരണം നടത്തിയ റോഡിനെതിരേയാണ് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നത്.
റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് കോൺക്രീറ്റിലുള്ള ഐറിഷ് പ്രവർത്തി നടത്തിയിട്ടുള്ളത്. റോഡിന് ഈട് നൽകുന്നതിന് ഉപകരിക്കുന്ന കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴക്കാലമാകുമ്പോൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിനരികിലെ ടാറിംഗ് ഉൾപ്പെടെ തകരുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എരപ്പാൻതോട് നിന്നും വട്ടച്ചിറ മുക്കിലേക്കുള്ള ഇറക്കമുള്ള ഭാഗത്ത് ഈ പ്രവർത്തി നടത്താതെ മണ്ണിടുകയാണ് ചെയ്തത്.
എരപ്പാൻതോട് മുതൽ പതിയിൽ വരെയുള്ള 1.4 കിലോമീറ്റർ റോഡിന് 1.42 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്. കൂടാതെ ഈ റോഡിൽ തന്നെ ആനപ്പാറ മേഖലയിലുള്ള കാലപ്പഴക്കം ചെന്ന കലുങ്കിന്റെ നവീകരണവും നടത്താത്തതിനെതിരേ നാട്ടിൽ ആക്ഷേപം ഉയരുന്നുണ്ട്. റോഡിന്റെ സംരക്ഷണം ഉറപ്പാക്കാൻ റോഡരിക് പൂർണമായും കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kozhikode