പുതുതായി ആരംഭിച്ച തിരുവനന്തപുരം - ചർലാപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിനു കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്വീക
കോട്ടയം: കേരളത്തിൽനിന്നു പുതുതായി ആരംഭിച്ച തിരുവനന്തപുരം - ചർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ - മംഗളൂരു എന്നീ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്കൂൾ വിദ്യാർഥികളും യാത്രക്കാരും ഹാരമണിയിച്ചും പൂക്കൾ വിതറിയും ട്രെയിനിനെ വരവേറ്റു.
കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ്, സെൻട്രൽ ട്രാവൻകൂർ റബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ, സ്റ്റേഷൻ മാനേജർ പി.ജി. വിജയകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മാത്യു ജോസഫ് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. പുതിയ ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
ഏറ്റുമാനൂർ,കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിൽ മാത്രമേ യാത്രാ ദുരിതത്തിന് പരിഹാരം കാണാനാവൂ. പുതിയ മംഗളൂരു എക്സ്പ്രസ് ട്രെയിൻ ബംഗളൂരുവിലേക്ക് നീട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽനിന്നു ബംഗളൂരുവിലേക്കാണ് ഏറ്റവും കൂടുതൽ യാത്രാക്ലേശമുള്ളത്. പുതുതായി ആരംഭിച്ച ട്രെയിൻ ബംഗളൂരുവിലേക്ക് നീട്ടുകയും എറണാകുളം ബംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടുകയും ചെയ്താൽ ഒരുപരിധിവരെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം
കോട്ടയം: പുതുതായി അനുവദിച്ച അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം. നാഗര്‍കോവില്‍-മംഗലാപുരം വീക്ക്ലി എക്സ്പ്രസ് (ട്രെയിന്‍നമ്പര്‍-16329) ചൊവ്വാഴ്ചകളില്‍ രാവിലെ 11.40ന് നാഗര്‍കോവിലില്‍നിന്നു പുറപ്പെടും. ഉച്ചകഴിഞ്ഞ് 1.10നു തിരുവനന്തപുരം സെന്‍ട്രലിലെത്തും. തുടര്‍യാത്രയില്‍ കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ (3.25), തിരുവല്ല (3.36), ചങ്ങനാശേരി (3.45), കോട്ടയം (4.07), എറണാകുളം ടൗണ്‍ (6.00), ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗലാപുരത്തെത്തും.
ബുധനാഴ്ചകളില്‍ രാവിലെ എട്ടിന് മംഗലാപുരത്തുനിന്നും പുറപ്പെടുന്ന മംഗലാപുരം-നാഗര്‍കോവില്‍ (ട്രെയിന്‍ നമ്പര്‍-16330) എക്സ്പ്രസ് മുകളില്‍ പറഞ്ഞ എല്ലാ സ്റ്റോപ്പുകളിലും നിറുത്തും. ഈ ട്രെയിന്‍ ഉച്ചകഴിഞ്ഞ് 2.27ന് എറണാകുളം ടൗണിലെത്തും. തുടര്‍ന്ന് കോട്ടയം (3.42), ചങ്ങനാശേരി (4.01), തിരുവല്ല (4.11), ചെങ്ങന്നൂര്‍ (4.22) ഉള്‍പ്പെടെ സ്റ്റേഷനുകളിലൂടെ രാത്രി 10.05ന് നാഗര്‍കോവിലിലെത്തും.
പുതുതായി അനുവദിച്ച തിരുവനന്തപുരം നോര്‍ത്ത്-ചര്‍ലാപ്പള്ളി (തെലങ്കാന) അമൃത് ഭാരത് എക്സ്പ്രസ് വീക്കിലി സര്‍വീസായിരിക്കും. ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് ചര്ലാപ്പള്ളിയില്നിന്നു പുറപ്പെട്ട് പാജിഡിപ്പള്ളി, നല്‍ഗൊണ്ട, മിര്യാലഗുഡ, സത്തേനപ്പള്ളി, ഗുണ്ടൂര്‍ ജംഗ്ഷന്, തെന്നാലി, ബാപ്ട്ല, ഒങ്കോള്‍, നെല്ലൂര്‍, ഗുഡൂര്‍, റേനിഗുണ്ട, തിരുട്ടാണി, കാട്പാടി, ജൊലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പൊടനൂര്‍, പാലക്കാട് (ബുധന്‍ രാവിലെ 7.25), ഷൊര്‍ണൂര്‍, തൃശൂര്‍ (9.02), ആലുവ (9.55), എറണാകുളം ടൗണ്‍ (10.17), കോട്ടയം (11.12), ചങ്ങനാശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ (11.52), മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, വര്‍ക്കല സ്റ്റേഷനുകളില്‍ നിര്‍ത്തി ഉച്ചകഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനിലെത്തും.
ഇതേ ട്രെയിന്‍ (നമ്പര്‍-17042) ബുധനാഴ്ചകളില്‍ വൈകുന്നേരം 5.30ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്നു തിരിച്ച് രാത്രി 7.17ന് മാവേലിക്കര, 7.29നു ചെങ്ങന്നൂര്‍, 7.40നു തിരുവല്ല, 7.49നു ചങ്ങനാശേരി, 8.15നു കോട്ടയം, 9.40ന് എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലൂടെ വ്യാഴാഴ്ച രാത്രി 11.30നു ചര്ലാപ്പള്ളിയിലെത്തും.