വെളളരിക്കുണ്ട്: അഭിഷേകാഗ്നി തലശേരി അതിരൂപതാതല ബൈബിൾ കൺവൻഷന് ഇന്ന് വെളളരിക്കുണ്ടിൽ തുടക്കമാകും. വൈകുന്നേരം അഞ്ചിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിക്കും.
ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി അങ്കണത്തിലെ ബഥേൽ നഗറിൽ നടക്കുന്ന കൺവൻഷന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലും 40 അംഗ ടീമും നേതൃത്വം നൽകും. ഫെബ്രുവരി മൂന്നു വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് ആരംഭിച്ച് രാത്രി 9.15 ന് അവസാനിക്കുന്ന വിധത്തിലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നായി 20,000 ലേറെ പേരെ പങ്കെടുപ്പിക്കാവുന്ന വിധത്തിലാണ് കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്.
ബൈബിൾ കൺവൻഷന് എത്തുന്നവർക്ക്
വിപുലമായ യാത്രാസൗകര്യങ്ങൾ
വെള്ളരിക്കുണ്ട്: അഭിഷേകാഗ്നി ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നതിന് വെള്ളരിക്കുണ്ടിൽ എത്തുന്നവർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയതായി ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം അറിയിച്ചു.
കൺവൻഷനു ശേഷം രാത്രിയിൽ തിരിച്ചുപോകുന്നവർക്കായി പത്തോളം സ്വകാര്യ ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും.
മാലോം, കൊന്നക്കാട് ഭാഗത്തേക്ക് രണ്ട് ബസുകളും നർക്കിലക്കാട് വഴി ചെറുപുഴ, ഭീമനടി- കുന്നുംകൈ- മണ്ഡപം, ഭീമനടി- മൗക്കോട്- കടുമേനി- ചെറുപുഴ, പരപ്പ- ബിരിക്കുളം വഴി നീലേശ്വരം, ബളാൽ- കല്ലഞ്ചിറ- കള്ളാർ വഴി പാണത്തൂർ, പരപ്പ-ഒടയംചാൽ വഴി പടുപ്പ് എന്നീ റൂട്ടുകളിൽ ഓരോ ബസ് വീതവും സർവീസ് നടത്തും.