പേരൂര്‍ക്കട: ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കംമൂലം പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ര ണ്ടു ശസ്ത്രക്രിയകള്‍ മുടങ്ങി. അനസ്തേഷ്യാവിഭാഗം ഡോക്ടര്‍മാരും സര്‍ജറി വിഭാഗം ഡോക്ടറും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതിനു കാരണം. അനസ്തേഷ്യയിലെ ബിനില്‍, പ്രിയ എന്നീ ഡോക്ടര്‍മാരും സര്‍ജറിയിലെ ഗണേഷും തമ്മിലായിരുന്നു തര്‍ക്കം.
ഗ്രേഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു സര്‍ജറി വിഭാഗത്തിലേക്ക് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് പ്രശ്നത്തിനുകാരണമായത്. ഇക്കാരണത്താല്‍ സര്‍ജറി ഡോക്ടര്‍മാര്‍ക്കൊപ്പം സഹകരിക്കാന്ല് അനസ്തേഷ്യാവിഭാഗം തയാറായില്ല. ഇതുമൂലമാണ് ഇന്നലെ അടിയന്തരമായി നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
ഒരു രോഗിയെ ശസ്ത്രക്രിയയ്ക്കു തയാറാക്കി കഴുത്തില്‍ മാര്‍ക്ക് ചെയ്തശേഷമായിരുന്നു തര്‍ക്കം ഉടലെടുത്തത്. ചെറിയ തോതില്‍ തുടങ്ങിയ തര്‍ക്കം അനസ്തേഷ്യ വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിലെത്തുകയായിരുന്നു. ഇന്നലെ നടത്തേണ്ടിയിരുന്ന അഞ്ചു സര്‍ജറികളില്‍ രണ്ടു സര്‍ജറികള്‍ക്ക് അടിയന്തര പ്രാധാന്യമുണ്ടായിരുന്നിട്ടുകൂടി അതിനു മുടക്കമുണ്ടായത് ഗൗരവത്തോടെയാണ് കാണേണ്ടത്.
നിലവില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി രണ്ടാഴ്ചയിലധികമായി കാത്തിരിക്കുന്നവരുമുണ്ട്. പ്രശ്നങ്ങള്‍ പരിഹിച്ചശേഷം അടിയന്തര ശസ്ത്രക്രിയകൾ ഇന്നു നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇരുചികിത്സാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും നിരുത്തരവാദപരമായ സമീപനവും ആശുപത്രിയില്‍ വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണു സൂചന.