മറവൻതുരുത്ത് കൊടുപ്പാടത്തെ നാട്ടുതോടിനു സമീപത്തെ പരമ്പരാഗത കക്കാ വാരൽ തൊഴിലാളിയുടെ കക്കാ പുഴുങ്ങുന്ന ഷെഡ്.
വൈക്കം: വേമ്പനാട്ടുകായലിൽ കക്കയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായതിനെത്തുടർന്ന് പരമ്പരാഗത കക്കാവാരൽ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിൽ കൃത്യതയില്ലാതായതാണ് കക്കയുടെ ശോഷണത്തിന് ഇടയാക്കിയതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.
ഓരുജലത്തിലാണ് കക്ക വിരിയുന്നത്. ബണ്ടിലെ ഷട്ടർ ലവണാംശമേറിയ സമയത്ത് അടഞ്ഞുകിടക്കുന്നത് ഓരുസമയത്ത് പ്രജനനം നടത്തുന്ന മത്സ്യങ്ങൾക്കും കക്കയുടെ വ്യാപനത്തിനും പ്രതികൂലമാകുകയാണ്. വൈക്കം, ടിവി പുരം, തലയാഴം, വെച്ചൂർ ഭാഗങ്ങളിൽ കക്ക കുറഞ്ഞതോടെ തൊഴിലാളികൾ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, റാണി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോകുന്നത്. കിലോമീറ്ററുകൾ അകലെ പോകുന്നതിനാൽ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഡീസലിന് 300 രൂപയോളം മുടക്കേണ്ടിവരുന്നു.
പുലർച്ചെ പോയി മണിക്കൂറുകളോളം അധ്വാനിച്ചാലും ആയിരം രൂപ പോലും ലഭിക്കുന്നില്ല. വലിപ്പമനുസരിച്ച് ഒരു കിലോ കക്കായിറച്ചിക്ക് 40 രൂപ മുതൽ 200 രൂപ വരെയാണ് വില. കക്ക ലഭിക്കുന്നത് കുറവായതോടെ ഇറച്ചി വിറ്റു ദൈനംദിന ജീവിതച്ചെലവുകൾ നടത്തിയിരുന്ന തൊഴിലാളികുടുംബങ്ങൾക്ക് ഇപ്പോൾ അതിനു കഴിയുന്നില്ല. വേമ്പനാട്ടുകായലിൽ വ്യാപകമായി മല്ലിക്കക്ക അനധികൃതമായി വാരുന്നതും പരമ്പരാഗത കക്കാവാരൽ തൊഴിലാളികൾക്ക് തിരിച്ചടിയായി.
രാത്രി 12 മുതൽ പുലർച്ചെ വരെ വേമ്പനാട്ടുകായലിലെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് വള്ളങ്ങളിലാണ് അനധികൃത മല്ലിക്കക്കാ ഖനനം നടക്കുന്നത്. അനധികൃത ഖനനത്തിലേർപ്പെടുന്നവർക്ക് വലിയ തോതിൽ കൂലി ലഭിക്കുന്നതിനാൽ തൊഴിലാളികളും ഈ നിയമലംഘനത്തിനു കൂട്ടുനിൽക്കുകയാണെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികൾ ആരോപിക്കുന്നു.
ഉപജീവനത്തിനായി ഏതാനും കുട്ട മല്ലിക്കക്ക വാരുന്ന നിർധന തൊഴിലാളികൾക്കെതിരേ നടപടി സ്വീകരിക്കുന്ന ഫിഷറീസ് അധികൃതർ രാത്രിയുടെ മറവിൽ നടക്കുന്ന അനധികൃത ഖനനം കണ്ടഭാവം നടിക്കുന്നില്ലെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികളും കക്കാവ്യവസായ സഹകരണ സംഘം ഭാരവാഹികളും കുറ്റപ്പെടുത്തുന്നു.
എതിർപ്പുമായെത്തുന്ന പരമ്പരാഗത തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് കക്കാവാരൽ ലോബി പിന്തിരിപ്പിക്കുന്നത്. കക്കാവാരൽ ലോബി തൊഴിലാളികളെ ഉപയോഗിച്ച് അനധികൃതമായി വാരിയെടുക്കുന്ന ചെറിയ കക്കയുടെ ഇറച്ചി എടുത്ത ശേഷം കക്ക ഇതര സംസ്ഥാനങ്ങളിലേക്ക് വലിയ ലോറികളിൽ കയറ്റിയയയ്ക്കുകയാണ്.
വൻ തോതിൽ കോഴിവളർത്തുന്ന ഫാമുകളിലേക്കടക്കമാണ് ചെറിയ കക്ക കൊണ്ടുപോകുന്നത്. ഈ വിധത്തിൽ മല്ലിക്കക്ക വാരിയാൽ കക്കായുടെ നഴ്സറിയായ വൈക്കം കായൽ കക്ക പേരിനു പോലും ലഭിക്കാത്ത ഇടമാകുമെന്ന് പരമ്പരാഗതകക്കാ വാരൽ തൊഴിലാളികൾ ആരോപിക്കുന്നു.
മുറിഞ്ഞപുഴ, പൂത്തോട്ട എന്നിവടങ്ങളിൽനിന്ന് കൂറ്റൻ ലോറികളിലാണ് സർക്കാരിന് നികുതിയടക്കമുള്ളവ നൽകാതെ കക്ക കയറ്റി അയയ്ക്കുന്നത്.
നിർധന തൊഴിലാളികൾ വാരിക്കൊണ്ടുവരുന്ന കക്ക റെയ്ഡിൽ പിടികൂടുന്ന ഫിഷറീസ് അധികൃതർ രാത്രിയുടെ മറവിൽ വൻകിട ലോബികൾ നടത്തുന്ന അനധികൃത കക്കാ ഖനനവും കക്കാ കയറ്റി അയയ്ക്കലും കണ്ടില്ലെന്നു നടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പരമ്പരാഗത കക്കാത്തൊഴിലാളികളും കക്കാവ്യവസായ സഹകരണ സംഘം ഭാരവാഹികളും ആരോപിക്കുന്നു.
Tags : Local News Nattuvishesham Kottayam