കോന്നി: പുലിയെത്തിയതായി സംശയിക്കുന്ന കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ആവോലിക്കുഴിയിൽ വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. ആവോലിക്കുഴി രാജേഷ്ഭവനം വിജയമ്മയുടെ വീടിനോടു ചേർന്ന ആട്ടിൻകൂടിന്റെ സമീപത്തെ മരത്തിലാണ് കൂട് സ്ഥാപിച്ചത്.
ആട്ടിൻ കൂടിന്റെ ഭാഗത്തേക്ക് പുലി എത്തുമെന്ന ധാരണയിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പുലിയുടെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞാൽ കെണിയൊരുക്കി പുലിയെ പിടികൂടുവാനാണ് വനപാലകർ ലക്ഷ്യമിടുന്നത്.
ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ നജിമുദീൻ, വി എസ് ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. ഗോപകുമാർ, വനം വകുപ്പ് ഡ്രൈവർ ജെ.ആർ. രജനീഷ് എന്നിവർ ചേർന്നാണ് കാമറ സ്ഥാപിച്ചത്. ബുധനാഴ്ചയാണ് മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്.
പ്ലാന്റേഷൻ റോഡിൽ മ്ലാവിന്റെ തല കണ്ടെത്തി
തണ്ണിത്തോട് പ്ലാന്റേഷൻ റോഡിൽ മ്ലാവിന്റെ തല കണ്ടെത്തി. പ്ലാന്റേഷൻ എ ഡിവിഷൻ റോഡിൽ രാവിലെയാണ് മ്ലാവിന്റെ തല തെരുവ് നായകൾ കടിച്ചു വലിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ തണ്ണിത്തോട് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇവർ എത്തി തല സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
മ്ലാവിന്റെ തല ശാസ്ത്രീയ പരിശോധനകൾക്കായി പത്തനംതിട്ട ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. വനത്തിൽ നിന്ന് നായകൾ കടിച്ചു വലിച്ചു കൊണ്ടുവന്നതാകാമെന്നാണ് വനപാലകരുടെ നിഗമനം.
Tags : Forest Department Local News Pathanamthitta Nattuvishesham