പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ചതിനെ തുടർന്നു നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുണ്ടായ സംഘർഷം.
നെടുമങ്ങാട്: പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയെ യഥാസമയം ലേബർ റൂമിൽ പ്രവേശിപ്പിക്കാനോ, പ്രസവത്തിനു മുന്നോടിയായുള്ള പരിശോധന കൾ നൽകാനോ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദർ തയാറായില്ലെന്നാണ് പരാതി.
കുഞ്ഞു മരിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷമുണ്ടാ യി. പ്രതിഷേധം ഭയന്നു കാറിൽ സ്ഥലംവിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്നു റോഡിൽ തടഞ്ഞുവച്ചു പോലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും പോലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.
സ്ഥലത്തെത്തിയ ആർഡിഒയെയും പ്രവർത്തകർ തടയാൻ ശ്രമിച്ചു. ചികിത്സാപ്പിഴവാണു കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരേ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേയ്ക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞത് കൂടുതൽ സംഘർഷത്തിനു വഴിവച്ചു. സ്ഥലത്തെത്തിയ ആർഡി ഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരത്തെ സംഘർഷത്തിനും ചർച്ചകൾക്കും ശേഷം മന്ത്രി ജി.ആർ. അനിൽ ആരോപണ വിധേയയായ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സസ്പെൻഷൻ ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ആർഡിഒ സമരക്കാരെ അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
ഉത്തരവിറങ്ങാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ച് രാത്രി വൈ കിയും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ് സമരക്കാർ. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.