വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ബഷീർ അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നോവലിസ്റ്റ് എസ്. ഹരീഷിന് സമർപ്പിക്കുന്നു.
തലയോലപ്പറമ്പ്: അക്ഷരങ്ങൾകൊണ്ട് മായാജാലം തീർത്ത എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് മന്ത്രി വി. ശിവൻകുട്ടി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് ബഷീർ അവാർഡ് സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ ജീവിത സത്യങ്ങളാണ് ബഷീർ പറഞ്ഞത്. കുട്ടികളിൽ നന്നേ ചെറുപ്പത്തിൽത്തന്നെ വായന ആരംഭിക്കുന്നതിനും പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായനയ്ക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി നൽകുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കുട്ടികൾ രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ ചെലവ് വഹിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നോവലിസ്റ്റ് എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിനാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്.
പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന അവാർഡ് സമർപ്പണ സമ്മേളനത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എസ്. ഹരീഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ, ട്രസ്റ്റ് ഭാരവാഹികളായ ഡോ.വി.കെ. ജോസ്, ടി.എൻ. രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ആദിൽ മുഹമ്മദ് പുല്ലാംകുഴൽ സംഗീതവും അവതരിപ്പിച്ചു.
Tags : Minister V. Sivankutty Local News Nattuvishesham Kottayam