കാസര്‍ഗോഡ്: മൂന്നു കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും. കള്ളക്കുറിച്ചി കച്ചറപ്പാളയം സ്വദേശിനി മല്ലിക (55) യെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (ഒന്ന്) ടി.എച്ച്. രജിത ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം തടവ് അനുഭവിക്കണം. 2017 ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 12നു കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡില്‍ മല്ലിക 12ഉം 10ഉം രണ്ടും വയസുള്ള കുട്ടികളെയും കൊണ്ട് ഭിക്ഷാടനം നടത്തുന്നതായി കണ്ട കേസിലാണ് ശിക്ഷ. കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറാണ് കേസ് അന്വേഷിച്ചത്. പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ കെ. വി. നാരായണനായിരുന്നു.
പ്രോസിക്യൂഷന്നു വേണ്ടി അഡിഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. ഇ. ലോഹിതാക്ഷന്, അഡ്വ. ആതിര ബാലന് എന്നിവര്‍ ഹാജരായി. പ്രതിക്കെതിരേ ബാലഭിക്ഷാടനം നടത്തിയതിയതിനു മറ്റൊരു കേസില്‍ വിധി പറയാനുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചതെന്നും ഭിക്ഷാടനത്തിന് പ്രതിക്ക് ശിക്ഷ വിധിക്കുന്നത് അപൂര്‍വസംഭവമാണെന്ന് അഡ്വ. ഇ. ലോഹിതാക്ഷന് പറഞ്ഞു.
Tags : nattuvisheasham local