കോഴിക്കോട്: പെട്ടന്നാണത് സംഭവിച്ചത്. ശബ്ദം കേട്ടു നോക്കുമ്പോള്‍ കോണ്‍ക്രീറ്റ് സ്ളാബിനടിയില് പെട്ടു പിടയുന്ന മനുഷ്യജീവനുകള്‍. ഓടിയെത്തിയവരില്‍ പലര്‍ക്കും തല കറങ്ങി. ശരീരഭാഗങ്ങള്‍ ചിതറി രക്തത്തില്‍ കുളിച്ച തൊഴിലാളികള്‍. സ്ളാബിനടിയില് നിന്നു പുറത്തെടുത്തപ്പോള്‍ തന്നെ കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്റഫ്, ബഷീര്‍ എന്നിവര്‍ക്ക് അനക്കമുണ്ടായിരുന്നില്ല. വിനോദന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റുളളവര്‍ ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. കാലിന് പരിക്കേറ്റ ജലീല്‍ ചികിത്സയിലാണ്.
ചുട്ടുപൊള്ളുന്ന വെയിലില്‍ അല്പ സമയം വിശ്രമിക്കാനായി പഴയ പാസ്പോര്‍ട്ട് ഓഫീസിന്റെ ഷട്ടറിനോട് ചേര്‍ന്നിരുന്ന തൊഴിലാളികളെയാണ് മരണം കവര്‍ന്നത്. ഗോഡൗണുകളിലെ തൊഴിലാളികളും ലോറിയില്‍ സാധനം കയറ്റാനെത്തുന്നവരും ഇവിടെ സംസാരിച്ചിരിക്കുക പതിവാണ്. കൂടുതല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കാലപ്പഴക്കുമുള്ള കെട്ടിടമാണെങ്കിലും പെട്ടന്ന് ഇടിഞ്ഞ് വീഴുമെന്ന് തൊഴിലാളികള്‍ കരുതിയിരുന്നില്ല. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ തൊഴിലാളികളിലൊരാള്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നുവെന്ന് വലിയങ്ങാടിയിലെ തൊഴിലാളിയായ സക്കറിയ പറഞ്ഞു.പെട്ടന്ന് തന്നെ അഗ്നിരക്ഷാസേനയോടൊപ്പം ചേര്‍ന്ന് തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നുവെന്നും സക്കറിയ പറഞ്ഞു.
നാട്ടുകാര്‍ക്ക് ഏറെപ്രിയപ്പെട്ടവനായിരുന്നു മരണമടഞ്ഞ കരിവങ്ങൂര് സ്വദേശിയായ കിഴക്കെ കാഞ്ഞിരക്കണ്ടിവിനോദന്. വലിയങ്ങാടിയിലെ ചുമട്ട് തൊഴിലിനു പുറമെ കാര്‍ഷികവൃത്തിയിലും വ്യാപൃതനായിരുന്നു വിനോദന്‍. കൃഷിയിടങ്ങള്‍ ടില്ലര്‍ ഉപയോഗിച്ച് ഉഴുതുമറിക്കാന്‍ പോകാറുണ്ടായിരുന്നു. മെഷീന് ഉപയോഗിച്ച് കാട് വെട്ടല്‍ ജോലിയിലും ഏര്‍പ്പെട്ടിരുന്ന വിനോദന്‍ കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്തിരുന്നു. വിനോദന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തച്ചാറമ്പത്ത് വീട്ടുവളപ്പില്‍ നടക്കും. പരേതനായ ഇമ്പിചെക്കുവിന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ ഷൈമ. മകന്: ധനഞ്ജയ്(കണ്ണന്). സഹോദരങ്ങള്‍: രാജന്, ഗീത.
അഷറഫിന്റെ സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ചീക്കിലോട് ജുമാമസ്ജിദില്‍ നടക്കും. ഭാര്യ: സൗദ. മക്കള്‍: ഹന്ന ഫാത്തിമ,മിസ്ഹഫ് (സൗദി). മരുമകൃള്: അജ്നാസ് തെരുവത്ത് കടവ്. സഹോദരങ്ങള്‍: പരേതനായ അബ്ദുള്ള, നഫീസ, സുബൈദ.പരേതനായ ഇമ്പിച്ചിമൊയ്തി- പാത്തുമ്മ ദമ്പതികളുടെ മകനാണ്.
മരണമടഞ്ഞ മല്ലിശേരി താഴെകുനി ബഷീറിന്റെ സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കുനിയില്‍ ജുമാമസ്ജിദില്‍ നടക്കും.ഭാര്യ: സക്കീന. മക്കള്‍: ഷമീര്‍, ഷാഫി, സെമീന. മരുമക്കള്‍: ജംഷീദ്, ഫാത്തിമഷെറിന്‍, ഷഹന.
Tags : nattu vishesham Bodies bathed blood