പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കർഷകവിരുദ്ധതയുടെ വ്യക്തമായ അടയാളമാണെന്ന് കിഫ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ജനകീയമെന്ന് സർക്കാർ സ്വയം പുകഴ്ത്തുന്പോഴും അടിസ്ഥാന വർഗമായ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ ബജറ്റിൽ താത്പര്യമില്ല. വന്യജീവി ആക്രമണത്തെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച നടപടി വെറും സാങ്കേതികമായ പേരുമാറ്റം മാത്രമായി ഒതുങ്ങി.
ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിധിയിൽ ഈ വിഷയത്തെ കൊണ്ടുവന്നതുകൊണ്ടുമാത്രം വനാതിർത്തികളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഇല്ലാതാകില്ല. നഷ്ടപരിഹാരം നൽകുന്ന അക്കൗണ്ടിന്റെ പേര് മാറി എന്നതല്ലാതെ കർഷകന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ യാതൊരു ഫീൽഡ്തല പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നില്ല. പ്രഖ്യാപനങ്ങൾക്കപ്പുറം ക്രിയാത്മകമായ പ്രതിരോധനടപടികൾ ഇല്ലാത്തതാണ് ഇന്ന് കേരളത്തിലെ മലയോരജനത നേരിടുന്ന പ്രധാന പ്രതിസന്ധി.
വന്യജീവി ആക്രമണങ്ങൾ നേരിടാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണ അനുവദിച്ച 100 കോടി രൂപയെ സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ സാധിക്കൂ. കഴിഞ്ഞബജറ്റിൽ 70 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. ആ 70 കോടിക്ക് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാൻ വനംമന്ത്രിയും ധനകാര്യമന്ത്രിയും തയ്യാറാകണം.
നിലവിലെ നഷ്ടപരിഹാര കുടിശിക തീർക്കാൻ പോലും അപര്യാപ്തമായ ഈ 100 കോടി രൂപ കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള ഒന്നായി മാത്രമേ കാണാൻ കഴിയൂ. കേരളത്തിലെ കർഷകർ തങ്ങൾക്കുണ്ടായ യഥാർഥനഷ്ടം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയാൽ ആ തുക നൽകാൻപോലും ഈ ബജറ്റ് വിഹിതം തികയില്ല. സംസ്ഥാനത്ത് പുതിയ ആറ് ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കുവാനും അതിലേക്കായി 100 അധിക തസ്തികകൾ സൃഷ്ടിക്കുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ശന്പളം അടക്കമാണോ ഈ 100 കോടി രൂപയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണം.
വന്യമൃഗ ആക്രമണം എന്ന അതിരൂക്ഷമായ പ്രശ്നത്തെ വനംവകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുവാനും പ്രമോഷനുകൾ നേടുവാനുമുള്ള കുറുക്കുവഴിയായി അധികൃതർ ഉപയോഗിക്കുകയാണ്. പ്രശ്നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഈ സമീപനം കർഷകരോടുള്ള വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം എന്ന ബജറ്റ് പ്രസംഗം തെറ്റാണ്. കേരളം പ്രഖ്യാപിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ്തന്നെ ഉത്തർപ്രദേശിൽ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വന്യജീവി അക്രമണത്തിനിരയാകുന്നുന്നവർക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന ധനമന്ത്രിയുടെ അവകാശവാദവും തെറ്റാണ്. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും 25 ലക്ഷവും കർണാടകയിൽ 15 ലക്ഷവും ആണ് നൽകുന്ന നഷ്ടപരിഹാര തുക. കേരളത്തിൽ ഇത് 10 ലക്ഷം രൂപയാണ്. 2018 ശേഷം ഈ തുക വർധിപ്പിച്ചിട്ടില്ല. വഞ്ചനാപരമായ ഇത്തരം നിലപാടുകൾ തുടരുന്ന ഈ കർഷകവിരുദ്ധ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കിഫ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷത വഹിച്ചു.
Tags : Budget nattuvishesham local news