മലപ്പുറം: കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഇന്നലെ വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽനിന്ന് ബസുടമകൾ ഇറങ്ങിപ്പോയി. ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ബസുകളുടെ സമയത്തെ ബാധിക്കും.
കോട്ടപ്പടി ബസ് സ്റ്റാൻഡ് ആർടിഎ അനുമതി ഇല്ലാത്ത സ്റ്റാൻഡ് ആണെന്നും ഈ സ്റ്റാൻഡിൽ ബസുകൾ നിർത്തേണ്ടതില്ലെന്ന വാദം ഉന്നയിച്ചാണ് ബസുടമകൾ യോഗത്തിൽ നിന്നിറങ്ങിപ്പോയത്.
എന്നാൽ, കോട്ടപ്പടിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങണം എന്നത് 2021ലെ ഹൈക്കോടതി ഉത്തരവാണ്. ബസുടമകൾ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ പറഞ്ഞു.
നഗരസഭാ കൗണ്‍സിൽ ഹാളിൽ നടന്ന യോഗത്തിൽ മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷെഫീഖ് ബഷീർ, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ, സ്ഥിരസമിതി ചെർമാൻ ഹാരിസ് ആമിയൻ, മറിയുമ്മ ഷെരീഫ്, വൈസ് പ്രസിഡന്റ്് ജിതേഷ് ജി. അനിൽ, പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ, നഗരസഭാ സെക്രട്ടറി സി.കെ. സുധീർ, മറ്റ് നഗരസഭാംഗങ്ങൾ എന്നിവർ സംസാരിച്ചു.