വാഴക്കാല ബസ് സ്റ്റോപ്പിനു സമീപം പൊതുനിരത്തിലേക്ക് കേബിളുകൾ പൊട്ടിവീണ നിലയിൽ.
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ നിരത്തുകളിൽ അപായക്കെണിയൊരുക്കി കേബിൾകുരുക്കുകൾ. ടെലഫോൺ പോസ്റ്റുകളിലും, വൈദ്യുതി തൂണുകളിലും യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വലിച്ചുകെട്ടുന്ന സ്വകാര്യ കേബിൾ ചാനലുകളും വൈഫൈ കണക്ഷൻ കേബിളുകളും അയഞ്ഞു തൂങ്ങിയും പൊട്ടിയും നിരത്തുകളിൽ വീഴുന്നതു മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
എൻജിഒ ക്വാർട്ടേഴ്സിനു സമീപം പൊട്ടിക്കിടന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് കഴിഞ്ഞ മാസം പരിക്കേറ്റിരുന്നു വാഴക്കാല, ചെമ്പുമുക്ക്, പടമുകൾ, എൻജിഒ ക്വാർട്ടേഴ്സ് മേഖലകളിലും അലക്ഷ്യമായി വലിച്ചു കെട്ടിയിരിക്കുന്ന കേബിളുകൾ അപകടം വിതയ്ക്കുന്നത് പതിവായിട്ടുണ്ട്.
തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ അഴിച്ചുമാറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : Local News Nattuvishesham Ernakulam