തൊടുപുഴ: തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടെ സംവരണം കൂടി നിശ്ചയിക്കപ്പട്ടതോടെ ഇനി മുന്നണികൾക്ക് വെല്ലുവിളിയാകുന്നത് സ്ഥാനാർഥി നിർണയം. തെരഞ്ഞെടുപ്പു വിജ്ഞാപനം അടുത്ത ദിവസം തന്നെ വരാനിരിക്കെ പല വാർഡുകളിലും ഇടതു വലതു മുന്നണികൾക്കും ബിജെപിക്കും സ്ഥാനാർഥി നിർണയം കീറാമുട്ടിയാകും.
പല സീറ്റു മോഹികളും അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് തരപ്പെടുത്താൻ ഒളിഞ്ഞുംതെളിഞ്ഞും മുതിർന്ന നേതാക്കളെ കാണുന്ന തിരക്കിലാണ് പാർട്ടികളുടെ ചില പ്രാദേശിക ഭാരവാഹികൾ. സംവരണ വാർഡുകൾ നിശ്ചയിക്കപ്പെട്ടതോടെ ഈ വാർഡുകളിലേക്കും സ്ഥാനാർഥികളെ തേടേണ്ടി വരും.
രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക ബന്ധങ്ങളും സ്വീകാര്യതയുമുള്ളവർക്കു പുറമേ വാർഡിൽ സുപരിചിതരായ സ്ഥാനാർഥികളെ കണ്ടെത്തുകയെന്നതാണ് ശ്രമകരം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ പാർട്ടിയേക്കാളുപരി സ്വാധീനിക്കുക സ്ഥാനാർഥിയുടെ വ്യക്തിബന്ധങ്ങളാണ്.
അതിനാൽ വാർഡിൽ ജനസമ്മതിയുള്ള സ്ഥാനാർഥിയെ ആയിരിക്കും മുന്നണികൾ തേടുക. ഓരോ വാർഡിലും മത്സരിക്കാൻ അവിടെനിന്നുതന്നെ സ്ഥാനാർഥിയെ കണ്ടെത്താനാണ് ശ്രമമെങ്കിലും ഇത് എളുപ്പമല്ലെന്ന് നേതാക്കൾ പറയുന്നു. ഇതിനിടെ പതിവായി സീറ്റ് തരപ്പെടുത്തി മത്സരിച്ച് പരാജയപ്പെടുന്ന ചിലരും പട്ടികയിൽ ഇടംനേടാനുള്ള ശ്രമത്തിലാണ്.
പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സിറ്റിംഗ് ജനപ്രതിനിധികൾക്ക് വീണ്ടും അവസരം ലഭിക്കാനാണ് സാധ്യത. വികസനപദ്ധതികൾ നടപ്പാക്കുകയും ജനങ്ങളുടെ പ്രശംസയും അംഗീകാരവും നേടുകയും ചെയ്തവർക്ക് വിജയം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
വനിതകൾക്കായി നെട്ടോട്ടം
ജില്ലയിൽ പകുതിയോളം സംവരണ സീറ്റുകളായതിനാൽ വനിതാ സ്ഥാനാർഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പലയിടത്തും മത്സരിപ്പിക്കാൻ വനിതകളെ കിട്ടാത്തത് പ്രശ്നമാണ്.
വനിതാ സ്ഥാനാർഥികളായി കൂടുതലായി എത്തുന്നത് കുടുംബശ്രീ അംഗങ്ങളും സിഡിഎസ്, എഡിഎസ് ഭാരവാഹികളുമാണ്. ഇതിനു പുറമേ അടുക്കളയിലും മറ്റും ഒതുങ്ങിക്കഴിയുന്ന വീട്ടമ്മമാർക്കും അപ്രതീക്ഷിതമായി നറുക്കു വീഴും. ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച അധ്യാപികമാരും സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കും.
പഞ്ചായത്തിൽ ജനപ്രതിനിധിയായാൽ ഭാരിച്ച ഉത്തരവാദിത്വം പ്രതിനിധികൾക്കുണ്ട്. പദ്ധതികൾ നടപ്പാക്കൽ ഉൾപ്പെടെയുള്ള ജോലികളുണ്ട്. ഇതുകാരണം പാർട്ടി പ്രവർത്തകരായ വനിതകൾപോലും സ്ഥാനാർഥിയാകാൻ മടിക്കുന്ന സാഹചര്യമുണ്ടെന്നും നേതാക്കൾ പറയുന്നു.
നാട്ടിൽ തരക്കേടില്ലാത്ത അഭിപ്രായമുള്ള കുടുംബങ്ങളിലെ വീട്ടമ്മമാരെ ചാക്കിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ താത്പര്യമില്ലാത്ത പല വീട്ടമ്മമാരും സ്ഥാനാർഥിത്വത്തോട് മുഖംതിരിക്കുകയാണ്.
മത്സരിക്കാൻ വിമുഖത കാണിക്കുന്നവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാധീനിക്കുന്നതിനു പുറമേ സാമൂദായിക നേതാക്കളെ വരെ കണ്ടാണ് മുന്നണികൾ ഇവരെ രംഗത്തിറക്കാൻ പെടാപ്പാടു പെടുന്നത്. കിട്ടിയ അവസരം പാഴാക്കാതെ വനിതാ സംവരണ സീറ്റിൽ കുടുംബാംഗങ്ങളെ മത്സരിപ്പിച്ച് പിൻസീറ്റ് ഡ്രൈവിംഗ് ഭരണം സ്വപ്നം കാണുന്നവരുമുണ്ട്. കൂടുതൽ പേരും ഭാര്യമാരെ കളത്തിലിറക്കി ഏത് വിധേനയും അംഗങ്ങളാക്കാനാണ് ശ്രമിക്കുന്നത്.
സാന്നിധ്യമായി ഇവരും
ജില്ലയിൽ കാര്യമായ വേരോട്ടമില്ലാത്ത ചില പാർട്ടികളും തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തി രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയും 20-20 പാർട്ടിയും തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താനുള്ള തയാറെടുപ്പിലാണ്. കരിങ്കുന്നം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായതാണ് എഎപിയുടെ ആത്മവിശ്വാസം. കൂടുതൽ വാർഡുകളിൽ മൽസരിക്കാനാണ് ഇവരുടെ തീരുമാനം.
തൊടുപുഴ നഗരസഭയിൽ ഉൾപ്പെടെ മത്സരിക്കാണ് 20-20 പാർട്ടി നീക്കം നടത്തുന്നത്. തോട്ടം മേഖല ഉൾപ്പെടുന്ന ദേവികുളം, പീരുമേട് താലൂക്കുകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഒരുകൈ നോക്കാനുള്ള തയാറെടുപ്പിലാണ് തമിഴ് പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയു