അടൂർ: നിശബ്ദ പ്രചാരണ ദിവസം അവസാനവട്ട വോട്ടുറപ്പിക്കലിനുള്ള ഓട്ടത്തിലായിരുന്നു പഞ്ചായത്ത് സ്ഥാനാർഥികൾ. ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലെ മിക്ക സ്ഥാനാർഥികളും തിങ്കളാഴ്ച വീടുകൾ കയറിയുള്ള വോട്ട് അഭ്യർഥനയിലായിരുന്നു. വോട്ടർമാരെ ഒരിക്കൽ കൂടി കണ്ട് വോട്ടുറപ്പിക്കുകയായിരുന്നു ലക്ഷ്യം.
സ്ലിപ്പുകളുടെ വിതരണം തിരക്കിലായിരുന്നു പാർട്ടി പ്രവർത്തകർ. വോട്ടിംഗ് യന്ത്രത്തിന്റെ മാതൃകയുമായാണ് സ്ഥാനാർഥികൾ പലരും വീടുകൾ കയറിയത്. വാർഡുകളിലെ പ്രത്യേക വികസന പത്രികകൾ വീടുകളിൽ എത്തിച്ചവരുമുണ്ട്. വൈകുന്നേരത്തോടെ ഭവന സന്ദർശനം അവസാനിപ്പിച്ച് ഫോൺ വിളികളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. പാർട്ടി ഓഫീസുകളിലും തെരഞ്ഞെടുപ്പ് ഓഫീസുകളിലും സ്ഥാനാർഥികളും പ്രവർത്തകരും കേന്ദ്രീകരിച്ച് വോട്ടെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തു.
നിശബ്ദ പ്രചാരണമാണെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ഒട്ടും ആവേശം കുറവില്ലായിരുന്നു. പരമാവധി പോസ്റ്ററുകളും വീഡിയോകളുമൊക്കെ വോട്ടർമാരുടെ പക്കലേക്ക് എത്തിക്കാൻ സ്ഥാനാർഥികളും അണികളും പരമാവധി ശ്രദ്ധിച്ചു.
21 വാർഡുകളിലേക്കാണ് ഏഴംകുളം പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് വിഭജനത്തിനുശേഷം കിഴക്കുപുറം വാർഡ് പുതിയതായി വന്നു. മൊത്തം 17 വാർഡുകളാണ് ഏറത്ത് പഞ്ചായത്തിലുള്ളത്. പുതിയ വാർഡുകൾ ഇല്ല, പക്ഷേ അതിർത്തികളിൽ മാറ്റം വന്നിട്ടുണ്ട്.
വാർഡ് വിഭജനത്തിൽ വേമ്പനാട്ടഴികത്ത് വാർഡ് കടമ്പനാട് പഞ്ചായത്തിൽ പുതുതായി ചേർത്തു. മൊത്തം 18 വാർഡുകളാണ് ഇപ്പോഴുള്ളത്. പള്ളിക്കൽ പഞ്ചായത്തിൽ കള്ളപ്പൻചിറ വാർഡ് പുതുതായി വന്നു. നിലവിൽ 24 വാർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : Candidates