രാജു ആശ്രയം, ആന്റണി കുരിശിങ്കല്‍
ചേര്‍ത്തല: തീരദേശത്തോടും മത്സ്യത്തൊഴിലാളി സമൂഹത്തോടും മുന്നണികൾ കാണിക്കുന്നത് അവഗണനയാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം. ജില്ലയിലെ തീരദേശ മണ്ഡലങ്ങളിൽ തീരദേശത്തുനിന്നുള്ളവരെ മത്സരിപ്പിക്കാൻ മുന്നണികൾ തയാറാകണമെന്ന് ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തീരദേശമേഖലയ്ക്ക് പുറത്തുനിന്ന് ജനപ്രതിനിധികളാകുന്ന മുന്നണി സ്ഥാനാർഥികൾ മേഖലയുടെ വിഷയങ്ങൾ പഠിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവരായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിനു മാറ്റമുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തീരദേശ ജനതയെ കുടിയൊഴിപ്പിച്ചുള്ള വികസനമല്ല വേണ്ടതെന്നും കടലും തീരവും പരിസ്ഥിതിയും സംരക്ഷിച്ച് തീര ജനതയുടെ അവകാശങ്ങൾ നിലനിർത്തുന്ന പ്രകടനപത്രിക മുന്നണികൾ ഇറക്കണമെന്നും മത്സ്യത്തൊഴിലാളികളെ കുടിയിറക്കാതെ തീരസംരക്ഷണം ഉറപ്പാക്കുന്ന മുന്നണി സ്ഥാനാർഥികളെ രാഷ്ട്രീയം നോക്കാതെ തീരജനത പിന്തുണയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ മാസം 27, 28 തീയതികളിൽ തിരുവനന്തപുരം വലിയതുറ കടപ്പുറത്ത് ഫാ. തോമസ് കോച്ചേരി നഗറിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മുന്നണികൾ പ്രകടനപത്രിയിൽ ഉൾപ്പെടുത്തേണ്ട മത്സ്യമേഖലയുടെ വിഷയങ്ങൾ പ്രഖ്യാപിക്കുമെന്നും ജില്ലാ കമ്മിറ്റിയോഗം പ്രസ്താവനയില്‍ പറഞ്ഞു.
ഭാരവാഹികള്‍: രാജു ആശ്രയം- പ്രസിഡന്റ് , സൈമൺ പുത്തൻപുരയ്ക്കല്‍-വൈസ് പ്രസിഡന്റ്, ആന്റണി കുരിശിങ്കല്‍- സെക്രട്ടറി, സുഭാഷ് താന്നിക്കല്‍-ജോ. സെക്രട്ടറി.