ചാലക്കുടി: നഗരസഭ വികസനസദസ് നാളെ രാജീവ് ഗാന്ധി ടൗൺഹാളിൽ നടത്തും. രാവിലെ 10 ന് വയോജനസംഗമം, 11 ന് തൊഴിലുറപ്പ് പ്രവർത്തകസംഗമം എന്നിവ നടക്കും. മൂന്നിന് വികസന സദസ് ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിക്കും. നഗരസഭയിലെ മുഴുവൻ ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പുതൊഴിലാളികൾ എന്നിവർക്ക് സെന്റ് ജെയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനവും എംപി നിർവഹിക്കും.
നഗരസഭയിലെ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ട 117 ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ ഭക്ഷ്യ കിറ്റിന്റെ വിതരണവും ഭൂരേഖ കൈമാറലും ഭവനപദ്ധതി ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു ധനസഹായ വിതരണവും സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിക്കും.
ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനത്തിന്റെ വിതരണം, പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള പുതിയ വാഹനത്തിന്റെ കൈമാറൽ, തൊഴിലുറപ്പ് സംഗമം, വയോജനസൗഹൃദ നഗരസഭ വയോജനസംഗമം, ഹരിത കർമസേന സംഗമം, ബാലസഭസംഗമം തുടങ്ങിയ പരിപാടികളും വികസന സദസിന്റെ ഭാഗമായി നടക്കും.
ചെയർപേഴ്സൻ ഷിബു വാലപ്പൻ, ക്രട്ടറി കെ.പ്രമോദ്, കെ.വി.പോൾ, ബിജു എസ്. ചിറയത്ത്, വി.ഒ. പൈലപ്പൻ, പ്രീതി ബാബു, ആനി പോൾ, ദിപു ദിനേശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Council nattuvisheasham local