ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് 18 മുതല്‍ 22വരെ എസ്ബി കോളജ് മൈതാനത്തു സജ്ജമാക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കുമെന്നും കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധകുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും. 18ന് വൈകുന്നേരം 4.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
19ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, 20ന് ഷംഷാബാദ് സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് പാടിയത്ത്, 21ന് ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
20ന് രാവിലെ 10ന് സീനിയര്‍ സിറ്റിസണ്‍സ് സംഗമവും 21 ന് അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. 25,000 പേര്‍ക്ക് പങ്കെടുക്കാവുന്നവിധമുള്ള പന്തല്‍ കോളജ് മൈതാനത്ത് തയാറാകുന്നുണ്ട്. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും.
കൗണ്‍സലിംഗിന് ആവശ്യമുള്ളവര്‍ 9495379 045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്. ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ആന്റണി കാച്ചാംകോട്, ജോമി ജോസഫ്, ഡോ. റൂബിള്‍രാജ്, മേരി പെട്ടംകുളം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam