ഇന്നാരംഭിക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ അ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 27-ാമത് ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍ 22വരെ എസ്ബി കോളജ് മൈതാനത്തുള്ള മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ നടക്കും. ഇന്നു വൈകുന്നേരം 4.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്വന്ഷന് നയിക്കുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, 5.30ന് ഗാനശുശ്രൂഷ, ആറിന് വചനപ്രഘോഷണം, ആരാധന എന്നീ ശുശ്രൂഷകള്‍ നടക്കും.
നാളെ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, 20ന് ഷംഷാബാദ് സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ്
പാടിയത്ത്, 21ന് ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, 22ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 20ന് രാവിലെ 10ന് സീനിയര്‍ സിറ്റിസണ്‍സ് സംഗമവും 21ന് അതിരൂപത മതാധ്യാപകസംഗമവും 22ന് രാവിലെ ഒമ്പതിന് യുവജന സംഗമവും നടക്കും. 25,000 പേര്‍ക്ക് പങ്കെടുക്കാവുന്നവിധമുള്ള പന്തലും അനുബന്ധ ക്രമീകരണങ്ങളുമാണ് കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്. കണ്വന്ഷന് ദിനങ്ങളില്‍ അട്ടപ്പാടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗിനുള്ള ക്രമീകരണമുണ്ടാകും.
കണ്വന്ഷന് എത്തുന്നവര്‍ക്ക് തിരികെപ്പോകാന്‍ ബസുകളും വാഹന പാര്‍ക്കിംഗിന് വിപുലമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. കൗണ്‍സലിംഗിന് ആവശ്യമുള്ളവര്‍ 9495379045, 7591973033 എന്നീ ഫോണുകളില്‍ ബന്ധപ്പെടേണ്ടതാണ്.
ദൈവവചനം ശ്രവിക്കാനും ഉള്‍ക്കൊണ്ട് ജീവിക്കാനുമുള്ള വലിയ അവസരം
വലിയ നോമ്പിനു തുടക്കംകുറിച്ച് ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്വന്ഷന് ദൈവവചനം ശ്രവിക്കാനും ഉള്‍ക്കൊണ്ട് ജീവിക്കാനുമുള്ള വലിയ അവസരമാണ്. വചനപ്രഘോഷകന് ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമുമാണ് വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കുന്നത്. ദാഹത്തോടെ വചനം സ്വീകരിച്ച് നന്മയുടെ ജീവിതം നയിക്കണം.
ഫാ. ജോര്‍ജ് മാന്തുരുത്തില്‍,
അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍
അതിരൂപതയുടെ കൂട്ടായ്മയുടെയും പ്രാര്‍ഥനയുടെയും ആത്മീയസംഗമം
തിരുവചനത്താല്‍ വിശുദ്ധീകരിക്കപ്പെട്ട് ദിവ്യരഹസ്യങ്ങളാല്‍ നവീരിക്കപ്പെടാനും നവജീവന്‍ പ്രാപിക്കാനും വലിയനോമ്പിന്റെ ആദ്യ ആഴ്ചയില്‍ ദൈവം നമുക്കായി ഒരുക്കുന്ന അനുഗ്രഹദിനങ്ങളാണ് അതിരൂപത ബൈബിള്‍ കണ്വന്ഷന് ദിവസങ്ങള്‍. വൈദികരും സന്യസ്തരും മാതാപിതാക്കളും യുവജനങ്ങളും കുട്ടികളും ഒന്നുചേരുന്ന അതിരൂപതയുടെ അഞ്ച് ദിവസത്തെ ഈ വലിയ ആത്മീയ സംഗമമാണിത്. ദൈവജനത്തിന്റെ കുടുംബസമേതമായ ആത്മീയസംഗമംകൂടിയാണിത്.
തിരുവചനാഭിഷേകത്താല് നിറഞ്ഞ് കൂദാശകളാല്‍ വിശുദ്ധീകരിക്കപ്പെട്ട് ജീവിതനവീകരണം സ്വന്തമാക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി അതിരൂപത
മെത്രാപ്പോലീത്ത
യുവദീപ്തി-എസ്എംവൈഎം ജപമാലറാലി ഭക്തിനിര്‍ഭരം
ചങ്ങനാശേരി: ഇന്ന് എസ്ബി കോളജ് മൈതാനത്ത് ആരംഭിക്കുന്ന ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്വന്ഷന് മുന്നോടിയായി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ അരമനപ്പടിക്കല്നിന്നു ജപമാലറാലി നടത്തി.
കത്തിച്ച തിരികള്‍ കൈകളിലേന്തി ജപമാല അര്‍പ്പിച്ച് നൂറുകണക്കിനു യുവജനങ്ങള്‍ പ്രാര്‍ഥനാപൂര്‍വം റാലിയില്‍ അണിചേര്‍ന്നു.
അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഫാ. ജോര്‍ജ് മാന്തുരുത്തില്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, സന്ദേശനിലയം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ടോണി പുതുവീട്ടില്‍ക്കളം, യുവദീപ്തി-എസ്എംവൈഎം പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേല്‍, ലൂസി ഫിലിപ്പോസ്, അജയ് വര്‍ഗീസ്, എം.പി. പോള്‍, ജോയല്‍ ജോണ്‍ റോയി, ലാലിച്ചന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാലി കണ്വന്ഷന് പന്തലില്‍ എത്തിയപ്പോള്‍ എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ സന്ദേശം നല്കി.
Tags : Local News Nattuvishesham Kottayam