ചിറ്റൂർ: നൂറ്റാണ്ടുകളായി നടത്തിവരുന്ന ചരിത്രപ്രധാനമായ ചിറ്റൂർ കൊങ്ങൻപട ഉത്സവം മാർച്ച് രണ്ടിന് ആഘോഷിക്കും. കേരളത്തിലെ ഏക രണോത്സവ ആചാരചടങ്ങായ കൊങ്ങൻപടയ്ക്കായി ചിറ്റൂർ ദേശമാകെ ഒരുങ്ങിക്കഴിഞ്ഞു.
നൂറ്റാണ്ടുകൾക്കുമുൻപ് കൊങ്ങൻനാട്ടിലെ പടയാളികളെ ചിറ്റൂർ ജനത തുരത്തിയോടിച്ചതിന്റെ ഓർമപുതുക്കലാണ് ഈ ഉത്സവം. 25ന് വൈകുന്നേരം ആറിനു വടക്കേപ്പാടത്ത് കൊങ്ങൻപടയുടെ വരുംനാളുകളിലെ ഫലമറിയുന്ന കണ്യാർചടങ്ങ് നടക്കും.
27ന് രാവിലെ ഏഴിന് കൊടിയേറുന്നതോടെ ഉത്സവത്തിന്റെ മുഖ്യചടങ്ങുകൾക്കു തുടക്കമാകും. വൈകീട്ട് ആറിന് അരിതാലമെഴുന്നള്ളിപ്പും മച്ചാൻകളിയും നടക്കും.
തുടർന്ന് രാത്രി എട്ടിനു പാണനുംപാട്ടിയും വേലയും അരങ്ങേറും. 28ന് രാത്രി എട്ടിനു ആശാരിപൂശാരി വേലയും തുടർച്ചയായി ചെറുവേലകളും നടക്കും. മാർച്ച് ഒന്നിനു പുലർച്ചെ മൂന്നിന് കുമ്മാട്ടിക്കുട്ടികളുമായി അരിപ്പത്തട്ടിൽ എഴുന്നള്ളിപ്പ്.
കൊങ്ങൻപട ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ മാർച്ച് രണ്ടിനു നടക്കും. പുലർച്ചെ നാലിനു അരത്തി കാവുതീണ്ടൽ. ഏഴിനു ഈടുവെടി.
രാവിലെ 8.30 വാൾവെച്ചപാറയിൽനിന്ന് ഗജവീര പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചിറ്റൂർക്കാവിലേക്ക് എഴുന്നള്ളിപ്പ്.
വൈകുന്നേരം 5.30ന് ഭഗവതി കോലക്കുട്ടികൾ, തോട്ടിവേല, തട്ടിന്മേൽക്കൂത്ത് എന്നിവ നടക്കും.
തുടർന്ന് വാദ്യമേളങ്ങളോടെ വീണ്ടും എഴുന്നള്ളിപ്പ്. രാത്രി എട്ടിനു പാണ്ടിമേളത്തിന്റെ അകമ്പടിയോടെ കാവുകയറൽ.
രാത്രി 10 ന് ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊങ്ങന്റെ പടപ്പുറപ്പാട്, ഓലവായന, പടയോട്ടം എന്നിവയുണ്ടാകും.