വെള്ളറട: വെള്ളറടയില്‍ ചൂണ്ടിക്കല്‍ ഭദ്രകാളി ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ എസ്ഐയ്ക്കും പോലീസുകാരനും സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉത്സവ ഘോഷയാത്രയ് ക്കിടെയുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെയും സംഘത്തെയുമാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചത്. വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര വെള്ളറട ജംഗ്ഷനിലെത്തിയപ്പോള് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു പ്രതികള്‍ നൃത്തം ചെയ് തിരുന്നു. ഇതേ തുടർന്നു ഗതാഗത തടസം ഒഴിവാക്കണമെന്ന് എസ്ഐ അഭിജിത്തിന്റെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ആവശ്യപ്പെട്ടു.
ഇതേ തുടർന്നാണു സംഘർഷമുണ്ടായത്. സംഘർഷത്തിൽ വെള്ളറട സ്റ്റേഷനിലെ എസ്ഐ അഭിജിത്ത്, പോലീസുകാരന് ജെസീം, ഡിവൈഎഫ് ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രദീപ് നെല്ലിശ്ശേരി എന്നിവര്‍ക്കാണു പരിക്കേറ്റത്. എന്നാല്‍ നൃത്തം തടയാന്‍ പോലീസ് എത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായതെന്നാണു സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.
നൃത്തം ചെയ്തുകൊണ്ടിരുന്ന യുവാവിനെ പിടിച്ചുമാറ്റുന്നതിനായി ഇടപെട്ട പോലീസുകാരനെയും എസ്ഐയെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നെല്ലിശ്ശേരി പ്രദീപ് മര്‍ദിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. മർദനമേറ്റു നിലത്തുവീണ എസ്ഐ എണീറ്റശേഷം ലോക്കല്‍ സെക്രട്ടറിയെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും തുടർന്നും എസ്ഐയ്ക്കു മർദനമേറ്റു. അടിവയറ്റിലും ജനനേന്ദ്രിയത്തിലുമാണ് എസ്ഐയ്ക്ക് മർദനമേറ്റത്.
കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ചാരുംകുഴി ലോകനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലും കുന്നത്തുകാലിലെ ക്ഷേത്രോത്സവത്തിനിടയിലും ഇതേ പോലീസുകാര്‍ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം.
മര്‍ദനത്തില്‍ പരിക്കേറ്റ എസ്ഐയും പോലീസുകാരനും പാറശാല ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചികിത്സ തേടിയത്.
പരുക്കേറ്റ എസ്ഐയും സംഘവും ചികിത്സയ്ക്കായി ആനപ്പാറ സിഎച്ച്സിയിലെത്തിയെങ്കിലും പ്രതികളും കൂട്ടുകാരും അവിടെയെത്തി തടസമുണ്ടാക്കി. ഇതേത്തുടര്‍ന്ന് ഇവിടെനിന്നു മടങ്ങിയ പോലീസ് സംഘം പാറശാല ആശുപത്രിയിലാണ് ചികിത്സ തേടിയത്. പോലീസുകാര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നി ഷേധിക്കാനും സിപിഎം ശ്ര മിച്ചതായി എഫ്ഐആറിൽ പറയുന്നു. വെള്ളറട ഇന്‍സ്പെക്ടര്‍ വി. പ്രസാദിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 121 (1), 296(ബി), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.