കുളത്തുപ്പുഴയിലെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ തർക്കം
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. കൈയ്യേറ്റത്തിന്റെ വക്കോളമെത്തിയതോടെ അധികൃതർ പോലീസിന്റെ സഹായംതേടി.
സിഡിഎസ് അംഗമായി ചോഴിയക്കോട് വാർഡിൽനിന്നു വിജയിച്ച കോൺഗ്രസിലെ ഷീല സത്യന് ലിങ്കേജ് വായ്പയിൽ കുടിശികയുള്ളതായി എതിർവിഭാഗം അംഗങ്ങൾ റിട്ടേണിംഗ് ഓഫീസർക്കു മുന്നിൽ പരാതി ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. രേഖകൾ പരിശോധിച്ച് കുടിശിക ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അയോഗ്യയാക്കി.
തൊട്ടടുത്ത എതിർസ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചതോടെ തർക്കം രൂക്ഷമായത്. ഇതു ചോദ്യം ചെയ്ത് രംഗത്ത് വന്ന മറ്റ് അംഗങ്ങളും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തിയ വരും ഇരു ചേരികളായി തിരിഞ്ഞു വാക്കേറ്റം നടത്തുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
കുളത്തൂപ്പുഴ പോലീസ് സംഘം സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിനെതിരേ പന്ത്രണ്ട് വോട്ടുകൾനേടി യു ഡി എഫിന്റെ കടമാൻകോട്ടുനിന്നുള്ള പ്രതിനിധി ബിജിത സി ഡി എസ് ചെയർപേഴ്സണായും തിങ്കൾക്കരിക്കം വാർഡിലെ ജുമൈലത്ത് വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Local News Nattuvishesham Kollam