ബേളയിലെ കോഴിപ്പോര് കേന്ദ്രത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ അങ്കക്കോഴികൾ.
ബദിയടുക്ക: വേനൽക്കാലമായതോടെ ജില്ലയുടെ വടക്കൻ അതിർത്തിമേഖലയിൽ കോഴിപ്പോര് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ബേളയിൽ കോഴിപ്പോര് നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് നടത്തിയ പരിശോധനയിൽ കോഴിപ്പോര് സംഘത്തിലുൾപ്പെട്ട ആറുപേർ പിടിയിലായി.
കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ഏഴ് അങ്കക്കോഴികളെയും 3400 രൂപയും ഇവിടെനിന്ന് പിടിച്ചെടുത്തു.
ബേള സ്വദേശികളായ അനിൽകുമാർ (28), ഉദയകുമാർ (40), രവിരാജ് (37), നാരായണ റൈ (42), അക്ഷയ് (34), പുത്തിഗെ സ്വദേശി നാരായണ (42) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ എസ്ഐ സവ്യസാചിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുമ്പോൾ കോഴിയങ്കം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.
പിടിച്ചെടുത്ത അങ്കക്കോഴികളെ കോടതിയിൽ ഹാജരാക്കി രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനു ശേഷം ലേലം ചെയ്യുകയാണ് പതിവ്. മിക്കപ്പോഴും ഉടമകളുടെ ബിനാമികളോ കോഴിപ്പോര് സംഘങ്ങളിൽ ഉൾപ്പെട്ട മറ്റുള്ളവരോ തന്നെയാകും ഇവയെ ലേലം വിളിച്ചെടുക്കുകയെന്നതാണ് അനുഭവമെന്ന് പോലീസുദ്യോഗസ്ഥർ പറയുന്നു.