ചിറ്റൂർ: താലൂക്കിൽ തെങ്ങുകൃഷിക്കു കാറ്റുവീഴ്ച പടർന്നുപിടിച്ച് വർഷങ്ങളായിട്ടും കൃഷിവകുപ്പിന്റെ പ്രതിരോധ പ്രവർത്തനം ഫലപ്രദമാകാത്തതിൽ നാളികേര കർഷകരുടെ പ്രതിഷേധം.
വർഷങ്ങളായി നല്ലേപ്പിള്ളി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിൽ കണ്ട രോഗം പടർന്ന് ഗോപാലപുരം അതിർത്തി കടന്ന് പൊള്ളാച്ചി മേഖലയിലേക്കും എത്തിയിരിക്കുകയാണ്. കാറ്റുവീഴ്ച മൂലം തെങ്ങ് തായ്ത്തടിയും തലപ്പത്ത് 5-6 പട്ടകളും മാത്രമായി ഒറ്റ നാളികേരം പോലും ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.
ഒരുകാലത്ത് ഈ പ്രദേശം കള്ള് ഉത്പാദനത്തിനു മുൻപന്തിയിൽ നിന്ന സ്ഥലമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് നൂറുകണക്കിന് കള്ളുവണ്ടികൾ വരിവരിയായി പോയിരുന്ന കാഴ്ച ഇന്നു കാണ്മാനില്ല.
നൂറുകണക്കിനു ചെത്തുതൊഴിലാളികൾ മറ്റു ജില്ലകളിൽനിന്ന് വന്ന് ഇവിടെ താമസിച്ച് ചെത്തുമായിരുന്നു. കൂടുതൽ കള്ള് ലഭിക്കുന്നതിനാൽ നല്ല വരുമാനവും കർഷകർക്കും തൊഴിലാളികൾക്കും ലഭിച്ചിരുന്നു.
രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റാനുള്ള സാന്പത്തികശേഷി ഇല്ലാതെ പശു വളർത്തിയും തീറ്റപ്പുല്ല് കൃഷി ചെയ്ത്, പാൽ കറന്ന് സൊസൈറ്റിയിൽ കൊടുത്ത് ഉപജീവനം നടത്തുന്ന തെങ്ങുകർഷകരുടെ ദയനീയകാഴ്ചയാണ് ഇന്ന് കാണുന്നത്.
വലിയ വിളവ് തരുമെന്ന് പ്രതിക്ഷിച്ച് തെങ്ങ് കൃഷി ചെയ്ത കർഷകർ കനത്ത സാമ്പത്തിക ബാധ്യതയിലാണ്. പടർന്നുപിടിച്ച ഈ രോഗം നിയന്ത്രിക്കാൻ വേണ്ട നടപടി കേരള- തമിഴ്നാട് സർക്കാരുകളും കേന്ദ്ര സർക്കാരും സംയുക്തമായി രോഗപ്രതിരോധ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നതാണ് നാളികേര കർഷകരുടെ ആവശ്യം.
Tags : nattu vishesham Coconuts are being wind-blown disease