മാനന്തവാടി: കാപ്പിക്കർഷകർക്ക് പ്രതീക്ഷയുമായി വൻ പദ്ധതിയൊരുങ്ങുന്നു. ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മെഗാ രജിസ്ട്രേഷൻ മാനന്തവാടിയിൽ നടത്തി.
കോഫി ബോർഡിന്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ പദ്ധതി. കാപ്പിക്കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകുക, പ്രായം ചെന്നതും ഉത്പാദനം കുറഞ്ഞതുമായ പഴയ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുനഃകൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് ഹെക്ടറിന് 1,10,000 എന്ന നിരക്കിൽ സബ്സിഡി നല്കുക, സർട്ടിഫിക്കേഷൻ ചെലവുകൾക്ക് 75 ശതമാനം സബ്സിഡി, തൈ ഉത്പാദനത്തിന് നഴ്സറിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളാണ് കാപ്പിക്കർഷകർക്ക് ലഭിക്കുക.
കമ്പോള നിലവാരത്തേക്കാൾ അധികവില നൽകിയാണ് രജിസ്റ്റർ ചെയ്യുന്ന കർഷകരുടെ അടുക്കൽ നിന്നും കർഷകരുടെ അടുക്കൽ നിന്നും കാപ്പിക്കുരു സംഭരിക്കുക. ഇതിന്റെ ഭാഗമായുള്ള താലൂക്ക് തലത്തിലുള്ള ആദ്യ ബോധവത്കരണ പരിപാടിയും കാപ്പി കർഷക രജിസ്ട്രേഷനുമാണ് ഇന്നലെ മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തിയത്. ഡിസംബർ 31 വരെയാണ് രജിസ്ഷൻ കാലാവധി. മാനന്തവാടി നഗരസഭ ചെയർപേഴ്സണ് സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ എം. കറുത്തമണി അധ്യക്ഷത വഹിച്ചു.
Tags : Coffee Local News Wayanad Nattuvishesham