മലപ്പുറം: ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ച ഇൻഷ്വറസ് കന്പനി 5,30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിനോട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. പറപ്പൂർ സൂപ്പി ബസാർ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
പരാതിക്കാരന്റെ മാതാവിനെ കരൾ സംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും സ്വകാര്യാശുപത്രികളിൽ അഡ്മിറ്റ് ചെയ്തിരുന്നു. ചികിത്സയ്ക്ക് 19,89,104 രൂപ ചെലവു വന്നതിനെത്തുടർന്നാണ് രേഖകളുമായി ഇൻഷ്വറൻസ് കന്പനിയെ സമീപിച്ചത്.
എന്നാൽ ആശുപത്രി രേഖയിൽ അസുഖത്തിന് മൂന്ന് വർഷത്തെ പഴക്കമുണ്ടെന്ന് കാരണത്താൽ ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിക്കുകയായിരുന്നു. മുൻകാല ചികിത്സാരേഖകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്നും കന്പനി ആരോപിച്ചു.
ആശുപത്രി രേഖ പ്രകാരം ഇൻഷ്വറൻസ് പോളിസി എടുക്കും മുന്പേ രോഗം ഉണ്ടായിരുന്നുവെന്നും അതു പരാതിക്കാരൻ ബോധപൂർവം മറച്ചുവച്ചതാണെന്നുമായിരുന്നു കന്പനിയുടെ വാദം.
എന്നാൽ രോഗിക്ക് മൂന്നു വർഷം മുന്പ് രോഗമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്തതായി രേഖയൊന്നും ഹാജരാക്കാത്തതിനാൽ ഇൻഷ്വറൻസ് ആനുകൂല്യത്തിന് പരാതിക്കാരന് അർഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു.
ഇൻഷ്വറൻസ് പോളിസി പ്രകാരമുള്ള 5,00,000 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും 45 ദിവസത്തിനകം കന്പനി നൽകണം. വീഴ്ച വന്നാൽ ഒന്പത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃകമ്മീഷന്റെ ഉത്തരവ്.
Tags : Local News Nattuvishesham Malappuram