കൽപ്പറ്റ: സഹാറ ഭാരത് ഫൗണ്ടേഷനു കീഴിൽ പിണങ്ങോട് മൂരിക്കാപ്പിൽ പ്രവർത്തിക്കുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ സ്ത്രീകൾക്ക് പരിശീലന സൗകര്യം മൂന്നു മാസത്തിനകം ഒരുക്കും. ഇതിനുള്ള നീക്കം പുരോഗതിയിലാണെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് പി.പി. അബ്ദുൾഖാദർ, വർക്കിംഗ് സെക്രട്ടറി സി.എച്ച്. സുബൈർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഇല്യാസ് തരുവണ, അഡ്മിനിസ്ട്രേറ്റർ സി.ഇ.എ. ബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ ആരംഭിച്ചു.
ഭിന്നശേഷി സമൂഹത്തിന്റെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് ഡബ്ല്യുഎംഒയും സന്നദ്ധ പ്രസ്ഥാനമായ തണലും ചേർന്നു 2022ൽ രൂപം നൽകിയതാണ് സഹാറ ഭാരത് ഫൗണ്ടേഷൻ. ഡബ്ല്യുഎംഒയിലെയും തണലിലെയും 21 വീതം അംഗങ്ങളാണ് ഫൗണ്ടേഷൻ ഭരണസമിതിയിൽ. മൂരിക്കാപ്പിൽ 12 ഏക്കറിലാണ് പുനരധിവാസ കേന്ദ്രം സജ്ജമാക്കുന്നത്.
ഒന്പത് മാസമായി കേന്ദ്രത്തിൽ 18 വയസിനു മുകളിൽ പ്രായമുള്ള 127 പുരുഷൻമാർക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്നുണ്ട്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് പരിശീലന സൗകര്യം ഒരുക്കുന്നത്.
സമീപഭാവിയിൽ ആറു മാസം മുതൽ ആറു വയസുവരെയും ആറ് വയസ് മുതൽ 18 വയസുവരെയും 18ന് മുകളിലും പ്രായമുള്ളവർക്ക് ആണ്, പെണ് വ്യത്യാസമില്ലാതെ റസിഡൻഷ്യൽ പരിശീലനത്തിന് സൗകര്യമാകും. ആറിനും 18നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക പാഠ്യപദ്ധതി തയാറാക്കിയാണ് പരിശീലനം നൽകുക. 18 വയസിനു മുകളിലുള്ളവരെ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ അഭ്യസിപ്പിക്കും.
വിദഗ്ധ ഡോക്ടർമാർ, തെറാപ്പിസ്റ്റുകൾ, അധ്യാപകർ, പരിശീലകർ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ഉണ്ടാകും. പ്രസവകാലം മുതൽ ശാസ്ത്രീയ പരിചരണവും പരിശീലനവും നൽകുന്നതിലൂടെ ഭിന്നശേഷിക്കാരിൽ വലിയ ശാരീരിക, മാനസിക മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. കേന്ദ്രത്തിൽ ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്നതിന് കെട്ടിട നിർമാണം പുരോഗതിയിലാണ്.
ഭിന്നശേഷിക്കാർക്ക് കേന്ദ്രത്തിൽ താമസവും പരിശീലനവും സൗജന്യമായിരിക്കും. നടത്തിപ്പിന് വലിയ ചെലവ് വരുന്ന സാഹചര്യത്തിൽ സാന്പത്തിക ശേഷിയുള്ള രക്ഷിതാക്കളിൽനിന്നു സംഭാവന സ്വീകരിക്കും.
കേന്ദ്രത്തിന്റെ പ്രവർത്തനം മുൻനിർത്തി ഈ മാസം 31 വരെ പൊതുജനങ്ങളിൽനിന്നു ധനസമാഹരണം നടത്തുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. വിശദ വിവരത്തിന് 9656330344, 8111918473 എന്നീ നന്പറുകളിൽ വിളിക്കാം.
Tags : Rehabilitation Center