നീലേശ്വരം: നഗരത്തിലെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജാ റോഡിൽ പ്രതിഷേധ സംഗമം നടത്തി.
കെപിസിസി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. അഞ്ചു കോടി രൂപ ചെലവിൽ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ നീലേശ്വരം തെരു- തളിയിൽ ക്ഷേത്രം റിംഗ് റോഡ് മെക്കാഡം ടാറിംഗ് പദ്ധതി ഇതുവരെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പൊടിപടലങ്ങൾ നിറഞ്ഞ റോഡിലൂടെ കാൽനട യാത്ര പോലും ദുസഹമായ നിലയാണ്. ഇതിനിടയിലാണ് നഗര ഭരണാധികാരികൾ പൂർത്തിയാകാത്ത ബസ്സ്റ്റാൻഡിന്റെ ഉദ്ഘാടന മാമാങ്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. രാമചന്ദ്രൻ, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഇ. ഷജീർ, നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, ശിവപ്രസാദ് അറുവാത്ത്, അനൂപ് ഓർച്ച, പ്രവാസ് ഉണ്ണിയാടൻ, പി. നളിനി, കെ. സരിത, സി. വിദ്യാധരൻ, വി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : nattuvisheasham local