മാനന്തവാടി: നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് റവന്യു ഭവന നിർമാണ മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫീസ് ഹാളിൽ ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടിയിൽ റവന്യു വകുപ്പടക്കം വിവിധ വകുപ്പുകളുടെ ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുന്പോൾ ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി പല സ്ഥലങ്ങൾ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
2210 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ റീസർവേ ഓഫീസ്, ലോട്ടറി സബ് ഓഫീസ്, ഡിസ്ട്രിക്ട് സ്റ്റാന്പ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവയ്ക്കൊപ്പം ടോയ് ലെറ്റ് സൗകര്യങ്ങൾ, റാന്പ്, ലിഫ്റ്റ് എന്നിവയുമുണ്ടാകും. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, മാനന്തവാടി തഹസിൽദാർ പി.യു. സിത്താര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Tags : K. Rajan Local News Wayanad Nattuvishesham