എസ്ബി കോളജില്‍ ഇന്നു തുറക്കുന്ന ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്.
ചങ്ങനാശേരി: ക്രിക്കറ്റ് രംഗത്ത് മാറ്റുരയ്ക്കാന്‍ ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ ക്രിക്കറ്റ് അക്കാദമി തുറക്കുന്നു. കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ (കെഡിസിഎ) സഹകരണത്തോടെ കോളജ് കാമ്പസില്‍ പുതുതായി നിര്‍മിച്ച ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുകളുടെയും 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ഡേ സ്കോളര്‍ ക്രിക്കറ്റ് അക്കാദമിയുടെയും ഉദ്ഘാടനം ഇന്നു നടക്കും.
പുതിയ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമായി രണ്ട് കോണ്‍ക്രീറ്റ് നെറ്റുകളാണ് പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോളജ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വിനോദ് എസ്. കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്, പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Tags : SB College nattuvishesham local news