പരവൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട പ്രമീളയ്ക്ക് ഇത് അർഹതയക്കുള്ള അംഗീകാരമായി.പുത്തൻകുളം കാവേരിയിൽ പ്രമീളയ്ക്ക് (56) നിലവിൽ സ്വന്തമായി ഫാമുകളുണ്ട്.
പുത്തൻകുളം , ചിറക്കര , കിഴക്കനേല എന്നിവിടങ്ങളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. എല്ലാ ഫാമുകളുടെയും പേര് കാവേരി എന്നാണെന്ന പ്രത്യേകതയുമുണ്ട്. വെച്ചൂർ, പുങ്കന്നൂർ, എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ 200 പശുക്കൾ ഈ ഫാമുകളിലുണ്ട്. ഇത് കൂടാതെ 50 ആടുകൾ, 1000 കിലോഗ്രാമിൽ അധികം തൂക്കം വരുന്ന 10 പോത്തുകൾ, മുറാ എരുമകൾ, 200 മുട്ടക്കോഴികൾ, ടർക്കി, താറാവ് എന്നിവയും വിശാലമായ ഫാമുകളിലുണ്ട്.
വീട്ടിൽ 30 വർഷത്തിലധികം പശുവിനെ വളർത്തി പരിപാലിച്ച അനുഭവം മാത്രമാണ് പ്രമീളയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവും ആന ഉടമയുമായ പുത്തൻകുളം ഷാജിയാണ് പശുവളർത്തലിൽ പ്രമീളയ്ക്ക് പിന്തുണ നൽകിയത്. പിന്നീട് ഷാജിയുടെ പ്രേരണയാലും പ്രോത്സാഹനത്താലുമാണ് 2019 മുതൽ പ്രമീള ഫാം ആരംഭിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയത്. ഇപ്പോൾ പ്രതിദിനം 1500 ലിറ്റർ പാൽ എല്ലാ ഫാമുകളിലുമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ നല്ലൊരുപങ്കും മിൽമയ്ക്കാണ് കൈമാറുന്നതെന്ന് പ്രമീള പറയുന്നു.
ശേഷിക്കുന്ന പാൽ പരിസരവാസികൾക്കാണ് വിറ്റഴിക്കുന്നത്. ഇതിനും ആവശ്യക്കാർ ഏറെയാണ്.പശുക്കളെ കറക്കുന്നതിന് ഓട്ടോമാറ്റിക് മിൽക്കിംഗ് മെഷീൻ ഫാമിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴുത്തിലെ താപനില ക്രമീകരിക്കാൻ മികച്ച വായുസഞ്ചാരം ഉറപ്പാക്കി ജലം സ്പ്രേ ചെയ്യുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഉത്പാദന ക്ഷമതയ്ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടന്നും പ്രമീള വ്യക്തമാക്കി. മാലിന്യ നിർമാർജനത്തിനായി ആധുനിക ബയോഗ്യാസ് പ്ലാന്റുകളും ഫാമിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും ഹൈടെക്ക് തന്നെയാണ് ഫാമുകൾ.
പശുക്കളെയും അടുകളെയും കോഴികളെയും പരിപാലിക്കുന്നതിന് നേപ്പാളി കുടുംബങ്ങളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് താമസിക്കുന്നതിന് ക്വാർട്ടേഴ്സ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും നിർദേശങ്ങളും അനുസരിച്ചാണ് ഫാമിന്റെ പ്രവർത്തനം.
.
Tags : nattu vishesham Dairy Farmer Award