താമരശേരി: കൈതപ്പൊയിലിലെ ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ച യുവാവിനെ ചോദ്യം ചെയ്ത് പോലീസ്. രണ്ടാം തവണയാണ് ആദിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. യുവതിയുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലാണ് വീണ്ടും മൊഴി എടുത്തത്. ലഹരി ഉപയോഗത്തേക്കുറിച്ച് പുറത്തുപറയുമെന്നായിരുന്നു യുവതിയുടെ ശബ്ദ സന്ദേശം.
ശബ്ദ സന്ദേശത്തില്‍ യുവതി കൊടി സുനിയുടെയും ഷിബുവിന്റെ പേരും പറഞ്ഞിരുന്നു. താമരശേരിയിലെ ഗുണ്ടയും നിരവധി കേസിലെ പ്രതിയുമാണ് ഷിബു. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് കൊടി സുനിയുടെ പരോള്‍ അവസാനിക്കുന്നതിന് മുന്‍പ് വയനാട്ടില്‍ നടത്തിയ പാർട്ടിയെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പാർട്ടിയില്‍ താമരശേരി സ്വദേശികളും പങ്കെടുത്തിരുന്നു.
കഴിഞ്ഞദിവസമാണ് ഹസ്നയുടെ ശബ്ദ സന്ദേശം പുറത്തുവന്നത്. കൂടെ താമസിച്ചിരുന്ന പുതുപ്പാടി സ്വദേശിയായിരുന്ന ആദിലിന് രണ്ട് മാസം മുമ്പ് വാട്സാപ്പില്‍ അയച്ച ശബ്ദ സന്ദേശംമാണ് പുറത്തുവന്നത്. ആദിലിനോട് ഫോണ്‍ എടുക്കാൻ ആവശ്യപ്പെടുന്ന ഹസ്ന, ഇല്ലെങ്കില്‍ പല രഹസ്യങ്ങളും പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. കരഞ്ഞ് സംസാരിക്കുന്ന യുവതി തന്റെ ജീവിതം നശിച്ച് പോയെന്നും വ്യക്തമാക്കുന്നുണ്ട്.
ലഹരി ഉപയോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് വിടുമെന്നും എന്തൊക്കെ ലഹരികളാണ് ഉപയോഗിക്കുന്നതെന്നതടക്കം വിളിച്ച് പറയുമെന്നും കൊടി സുനിയും ഷിബുവുമടക്കം എല്ലാവരും കുടുങ്ങുമെന്നും ഹസ്ന പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹസ്നയെ മരിച്ചനിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്ന ആദിലും വീട്ടുടമസ്ഥനും ചേർന്ന് വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. വിവാഹ ബന്ധം പിരിഞ്ഞ ഹസ്ന കഴിഞ്ഞ എട്ടുമാസമായി ആദിലുമൊന്നിച്ചാണ് താമസിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കുടുംബം അന്വേഷണവും ആവശ്യപ്പെട്ടിരുന്നു.
Tags : nattu vishesham Kodi Suni Wayanad party