കരുവാരകുണ്ട് മുള്ളറ ആര്യാടൻ നഗറിൽ നിർമാണം പുരോഗമിക്കുന്ന പാലം.
കരുവാരകുണ്ട്: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ കരുവാരക്കുണ്ട് മുള്ളറ ആര്യാടൻ നഗറിൽ പാലം യാഥാർഥ്യമാകുന്നു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ചേരി തോടിന് കുറുകേ പാലം നിർമിക്കുന്നത്.
മഴക്കാലത്ത് തോട് കരകവിഞ്ഞാൽ നാൽപതിലധികം കുടുംബങ്ങൾ ഒറ്റപ്പെടുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.മുള്ളറ ആര്യാടൻ നഗറിനെയും ചേരി പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് മരത്തടിയിൽ തീർത്ത നടപ്പാലം മാത്രമാണ് ഉണ്ടാകാറുള്ളത്.
മഴയിൽ ചേരിതോട് കരകവിയുന്നതോടെ നടപ്പാലം വെള്ളത്തിൽ മുങ്ങുകയും ആര്യാടൻ നഗർ ഒറ്റപ്പെടാറാണ് ചെയ്യുക. ചേരി തോടിന് കുറുകേ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തരിശ് ഡിവിഷൻ അംഗമായ ഷൈലേഷ് പട്ടിക്കാടൻ മുൻകൈയെടുത്ത് അനുവദിച്ച 22 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ഇതിന്റെ പില്ലറുകളുടെ നിർമാണം ഉൾപ്പടെ പൂർത്തിയായി.
Tags : Local News Nattuvishesham Malappuram