നെന്മാറ: ജനവാസമേഖലയിൽ നിന്ന് പിടികൂടുന്ന വന്യജീവികളെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിയമസഭയിലെ പ്രഖ്യാപനത്തിന് കത്തോലിക്ക കോൺഗ്രസ് സ്വാഗതം ചെയ്തു.
ഇത്തരത്തിൽ പിടിക്കപ്പെടുന്ന വന്യജീവികളെ സംരക്ഷിക്കാനും ചികിത്സിക്കാനും സംവിധാനം ഏർപ്പെടുത്തുന്നതും സ്വാഗതാർഹമാണ്. നിലവിൽ ജനവാസമേഖലകളിൽ നിന്ന് പിടികൂടുന്നവയെ ഉൾക്കാട്ടിൽ കൊണ്ട് തുറന്നുവിടുകയാണ് പതിവ്. ഇത് താമസിയാതെ വീണ്ടും ജനവാസ മേഖലയിൽ എത്തുന്നതിനാലാണ് പുതിയ തീരുമാനമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം വന്യജീവിആക്രമണങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളേക്കാൾ കുറവാണെന്നുള്ളത് വസ്തുതാവിരുദ്ധമാണെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
സമയബന്ധിതമായി നഷ്ടപരിഹാരം നൽകാത്തതും തുച്ഛമായ നഷ്ടപരിഹാരത്തുകയും ആയതിനാലാണ് വന്യമൃഗ നഷ്ടപരിഹാര അപേക്ഷകൾ കുറയുന്നതെന്നും കത്തോലിക്ക കോൺഗ്രസ് നെന്മാറ യൂണിറ്റ് വിലയിരുത്തി.
വന്യജീവി പ്രതിരോധത്തിന് വിവിധ വകുപ്പുകൾ നടപടി സ്വീകരിക്കുന്നുണ്ടെന്ന വനംമന്ത്രിയുടെ പ്രസ്താവനയെ കത്തോലിക്ക കോൺഗ്രസ് സ്വാഗതം ചെയ്യുകയും മലയോരവാസികളുടെയും കർഷകരുടെയും താത്പര്യം സംരക്ഷിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കണമെന്നും സാങ്കേതികത്വത്തിന്റെ പേരിൽ ജനവാസമേഖലയിൽ എത്തുന്ന വന്യമൃഗങ്ങളെ പിടികൂടാൻ നിലവിൽ വനംവകുപ്പ് തയ്യാറാകാത്തതും യോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം മംഗലംഡാം മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും കൂട് വെച്ച് പിടികൂടണമെന്ന ആവശ്യം അവഗണിച്ച് വനം ജീവനക്കാർ പടക്കം പൊട്ടിച്ച് കടുവയെ അകറ്റാനുള്ള ശ്രമം നടത്തിയെന്നും പരാതി ഉയർന്നിരുന്നു.
പടക്കം പൊട്ടിച്ച് പേടിപ്പെടുത്തിയാൽ കടുവ കൂട്ടിൽ കയറില്ലെന്ന് അറിയാവുന്ന വനംവകുപ്പിന്റെ നടപടിയെയും കത്തോലിക്ക കോൺഗ്രസ് യോഗം അപലപിച്ചു. നെന്മാറ യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ് കുറ്റിക്കാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, രൂപത സെക്രട്ടറി ജിനി ജോസഫ്, ഫെറോന സെക്രട്ടറി സുജി ഇടയിലത്തുണ്ടിൽ, ഫെറോന ട്രഷറർ ജോൺസൻ ചെറുപറമ്പിൽ, യൂണിറ്റ് സെക്രട്ടറി ജോസഫ് ചെറുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.