മാജിക് ഹോം ഭവനത്തിന്റെ താക്കോൽദാന ചടങ്ങ്.
ഒറ്റപ്പാലം: കേള്‍വിപരിമിതരായ സഹോദരങ്ങള്‍ റഫലും റിഫാനയും ഒരിന്ദ്രജാലം കണ്ട സന്തോഷത്തിലാണ്. ഉപ്പയുടെയും ഉമ്മയുടെയും കഷ്ടപ്പാടുകള്‍ക്ക് ആശ്വാസമായി ഒരു മനോഹരവീട് സൃഷ്ടിച്ചു നല്‍കിയിരിക്കുകയാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആര്‍ട്ട് സെന്റര്‍.
ഇന്നലെ വരെ പൊട്ടിപ്പൊളിഞ്ഞ ഒരു വീട്ടില്‍ അസൗകര്യങ്ങളുടെ നടുവില്‍ കഴിഞ്ഞവര്‍ക്ക് ഇനിമുതല്‍ ഈ മക്കള്‍ക്കൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാം.
തിരുവനന്തപുരത്തെ ഡിഎസിയുടെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്കുന്ന മാജിക്ക് ഹോം പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം വരോട് നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ അച്ഛന് മുഹമ്മദ് റഷീദിനും അമ്മ റജീനയ്ക്കുമൊപ്പം ഇവര്‍ ഏറ്റുവാങ്ങി. കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍നിന്നും വീട് നിര്‍മിക്കുക എന്നത് ഈ കുടുംബത്തിന്റെ സ്വപ്നം മാത്രമായിരുന്നു.
വരോട് സ്വദേശി അബ്ദുള്‍ ഖാദര്‍ സൗജന്യമായി നല്കിയ അഞ്ച് സെന്റ് ഭൂമിയിലാണ് 622 ചതുരശ്രഅടിയില്‍ ഭിന്നശേഷി മാതൃകാ ഭവനം ഒരുക്കിയത്. വീടിന്റെ താക്കോല്‍ ചെറുകഥാകൃത്ത് വൈശാഖന്, ചലച്ചിത്ര സംവിധായകന് ലാല്‍ജോസ്, ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ചെയര്മാന് ജിജി തോംസണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഒറ്റപ്പാലം സ്മാര്‍ട്ട് അസോസിയേറ്റ്സ് എംഡി മനോജ് കാഞ്ഞിരത്തൊടി എന്നിവര്‍ ചേര്‍ന്നു കൈമാറി.