കാസര്‍ഗോഡ്: എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍വേ വകുപ്പിന് കീഴില്‍ ജില്ലയില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നു.
ജില്ലയില്‍ ഇതുവരെ 50644.977 ഹെക്ടര്‍ സ്ഥലമാണ് ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തിയത്. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്നത് 2021 ലാണ്. 2022ല്‍ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 18 വില്ലേജുകളില്‍ 91,115 കൈവശങ്ങളിലായി 10,188.0173 ഹെക്ടര്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തി.
രണ്ടാംഘട്ടത്തില്‍ 19 വില്ലേജുകളില്‍ 1,76,467 കൈവശങ്ങളില്‍ 35,271.1882 ഹെക്ടര്‍ സ്ഥലവും മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 12 വില്ലേജുകളിലെ എട്ടു വില്ലേജുകളില്‍ 25493 കൈവശങ്ങളില്‍ 5,185.772 ഹെക്ടര്‍ സ്ഥലവുമാണ് അളന്നുതിട്ടപ്പെടുത്തിയത്.
ജില്ലയില്‍ മൊത്തം 32 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുകയും 12 വില്ലേജുകള്‍ റവന്യു ഭരണത്തിന് കൈമാറുകയും ചെയ്തു.
ചങ്ങല വലിച്ചും ടോട്ടല്‍ സ്റ്റേഷന് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും നന്ന സര്‍വേയെ കൂടുതല്‍ വേഗത്തിലും കൃത്യതയിലും നവീകരിച്ചു കൊണ്ടാണ് സാറ്റ്ലൈറ്റ് സഹായത്തോടെ ഡിജിറ്റല്‍ സര്‍വേ എന്ന ഈ പുത്തന്‍ സാങ്കേതികവിദ്യ നിലവില്‍ വന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തി അളന്നുതിട്ടപ്പെടുത്തിയ ഭൂമിക്ക് ചുറ്റും അദൃശ്യ ഡിജിറ്റല്‍ വേലി രൂപപ്പെടുകയും ഇതു കൈറ്റങ്ങളില് നിന്നും അതിര്‍ത്തി തര്‍ക്കങ്ങളില്‍ നിന്നും ഭൂവുടമയെ സംരക്ഷിക്കുകയും ചെയ്യും.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മഞ്ചേശ്വരം താലൂക്കിലെ ഉജാര്‍ ഉള്‍വര്‍ എന്ന വില്ലേജ് രാജ്യത്താദ്യമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചത്.
സാറ്റ്ലൈറ്റ് സിഗ്നല്‍ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന ആര്‍ടികെ എന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിനായി തലപ്പാടി, ദേലംപാടി, പള്ളിക്കര എന്നിങ്ങനെ മൂന്നു കോര്‍ സ്റ്റേഷനുകളും ജില്ലയിലുണ്ട്.
Tags :