പാലാ: കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ആധുനിക ഡിജിറ്റല്‍ എക്സറേ സൗകര്യം ലഭ്യമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ എക്സ്റേ മെഷീന് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
രണ്ട് സെക്കൻഡുകൊണ്ട് മികവാര്‍ന്ന എക്സ്റേ ചിത്രങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിന്റെ മേന്മ. റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിര്‍മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്സ്റേ സൗകര്യം ലഭ്യമാക്കുവാന്‍ 1000 എംഎ ശേഷിയിലുള്ള ഈ ഉപകരണത്തിന് കഴിയും. ഫുള്ളി ഓട്ടോമേറ്റഡ് റിമോര്‍ട്ട് കണ്ട്രോള് സിസ്റ്റമനുസരിച്ചാണ് പ്രവര്‍ത്തിപ്പിക്കുക.
ആരോഗ്യവകുപ്പിനു കീഴില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഇത്തരമൊരു എക്സ്റേ ഉപകരണം സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാനും ആശുപത്രി മാനേജിംഗ് കമ്മിറ്റി അധ്യക്ഷനുമായ തോമസ് പീറ്റര്‍ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം പറഞ്ഞു. കമ്പനി അധികൃതര്‍ ഉപകരണത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് ആശുപത്രികളില്‍നിന്നു ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍നിരക്ക് മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കാനും ചെയര്മാന് തോമസ് പീറ്റര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്കി. ഇതിലേക്കായി മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കുമെന്നും ഔപചാരികമായ ഉദ്ഘാടനം അടുത്ത ആഴ്ചയില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ചെയര്മാന് ആന്റോ പടിഞ്ഞാറെക്കര, മാനേജിംഗ് കമ്മിറ്റി അംഗം ജയ്സണ്‍ മാന്തോട്ടം എന്നിവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു
Tags : General Hospital