മലപ്പുറം: റാന്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകങ്ങളുടെ സാന്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പാ ലഭ്യതയും വേഗതയും എളുപ്പമാക്കുക, സാന്പത്തിക ഉത്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂര്യ റീജൻസിയിൽ ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.വി. അജ്ന ദേവ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ബാങ്ക് പ്രതിനിധികൾ ബാങ്കിന്റെ പദ്ധതികൾ അവതരിപ്പിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 85 സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. എസ്ബിഐ, ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, കേരള ബാങ്ക്, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നീ ബാങ്കുകളുടെ കൗണ്ടറുകൾ സജീകരിച്ചു.
വിവിധ കൗണ്ടറുകളിലായി 1.226 കോടിയുടെ വായ്പാ അപേക്ഷകൾ സ്വീകരിച്ചു. അപേക്ഷകളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ സി.കെ. മുജീബ് റഹ്മാൻ, പി. സ്മിത, എം.എസ്. സുനിത, മലപ്പുറം കെഎസ്എസ്ഐഎ പ്രസിഡന്റ് എ.പി. അബ്ദുൾ കരീം, എസ്ബിഐ റീജണൽ മാനേജർ അഭിലാഷ്, കെഎഫ്സി മാനേജർ രാജേഷ്, ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ് എന്നിവർ പങ്കെടുത്തു.
Tags : nattu vishesham District Bankers Meet