ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റ് നാളെ രാവിലെ 9.30 മുതല്‍ ചെറുതോണി പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. വാഴത്തോപ്പ് പഞ്ചായത്തംഗം ടി.ഇ. നൗഷാദ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വര്‍ഗീസ് മാത്യു, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍മാരായ സന്തോഷ് ഐസക്ക്, പി.ആര്. സുരേഷ്, ജൂണിയര്‍ സൂപ്രണ്ട് സി.കെ. രേഖ എന്നിവര്‍ പ്രസംഗിക്കും. രാവിലെ പത്തിന് "വ്യവസായ വകുപ്പിന്റെ സാങ്കേതിക സാമ്പത്തിക സംരംഭക പദ്ധതികള്‍' എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി.എസ്. വിശാഖും "ബാങ്കിംഗും സംരംഭക വായ്പയും നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ യൂണിയന് ബാങ്ക് കോട്ടയം റീജണ്‍ സീനിയര്‍ മാനേജര്‍ കെ. നിതിനും ക്ലാസ് നയിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍, ബാങ്ക് വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കേഴ്സ് മീറ്റ് നടത്തുന്നത്. ബാങ്ക് വായ്പ, വിവിധ സബ്സിഡികള്‍ മുതലായവ ആവശ്യമുള്ള സംരംഭകര്‍ക്ക് മീറ്റില്‍ അപേക്ഷിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ ഉദ്യം രജിസ്ട്രേഷന്, കെ-സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനും അവസരമുണ്ട്.
ജില്ലയിലെ പ്രധാന ബാങ്കുകളായ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക്, കേരള ബാങ്ക് എന്നിവ മീറ്റില്‍ പങ്കെടുക്കും.