നവയുഗയാത്രയുടെ മുന്നോടിയായി തൂക്കുപാലത്തുനിന്നു നെടുങ്കണ്ടത്തേക്ക് നടത്തിയ വിളംബര ജാഥ.
ചെറുതോണി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഇന്നു ചെറുതോണിയില്‍ സ്വീകരണം നൽകും. ഇന്നു വൈകുന്നേരം നാലിന് ചെറുതോണിയിൽ എത്തിച്ചേരുന്ന യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1964ലെ ചട്ടപ്രകാരമുളള പട്ടയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് ഇടുക്കിയില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് അനീതിയാണ്. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ശ്മശാനനിര്മാണത്തിനുപോലും അനുമതി നല്‍കാത്ത ജനദ്രോഹ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നത്. ആറ് പതിറ്റാണ്ടായി നടത്തിയിട്ടുള്ള കെട്ടിടനിർമാണങ്ങൾ പിഴയടച്ച് ക്രമവത്കരിക്കണമെന്നു പറയുന്നത് അന്യായമാണ്.
2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജില്ലയ്ക്കനുവദിച്ച ഇടുക്കി മെഡിക്കല്‍ കോളജ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ജനങ്ങളെ വഞ്ചിക്കുന്നതിനായി മന്ത്രിമാർ ജില്ലയിൽ നടത്തുന്ന സർക്കാർ ഔദ്യോഗിക പരിപാടികള്‍ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും ബഹിഷ്കരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും ദ്വാരപാലകശില്പങ്ങളും സര്‍ക്കാരിന്റെ ഒത്താശയോടെ കവര്‍ച്ച നടത്തിയും അയ്യപ്പസേവാസംഘത്തിന്റെ പേരില്‍ ഏഴു കോടിയിലധികം രൂപ തട്ടിയെടുത്തും മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില് നിര്‍മിച്ചും സര്‍ക്കാര്‍ അഴിമതി നടത്തിയിരിക്കുകയാണെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് എം.കെ. പുരുഷോത്തമന്, കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, കെപിസിസി അംഗം എ.പി. ഉസ്മാന്, എം.ഡി. അര്ജുനന്, അനീഷ് ജോര്‍ജ്, സാം ജോര്‍ജ്, അനില്‍ ആനക്കനാട്ട്, പി.കെ. ജയന് എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിളംബര ജാഥ
നടത്തി
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന നവയുഗയാത്രയുടെ മുന്നോടിയായി തൂക്കുപാലത്തുനിന്നു നെടുങ്കണ്ടത്തേക്ക് വിളംബര ജാഥ നടത്തി. തൂക്കുപാലം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
തൂക്കുപാലം, മുണ്ടിയെരുമ, താന്നിമൂട്, കല്ലാർ എന്നിവിടങ്ങൾ പിന്നിട്ട് നെടുങ്കണ്ടം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ജാഥ സമാപിച്ചു. ജാഥയ്ക്ക് കെപിസിസി സെക്രട്ടറി എം.എൻ. ഗോപി, മീഡിയ വക്താവ് സേനാപതി വേണു, ഡിസിസി ജനറൽ സെക്രട്ടറി ജി. മുരളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ, നേതാക്കളായ ടോമി ജോസഫ്, ബെന്നി തുണ്ടത്തിൽ, രാജേഷ് ജോസഫ്, എം.എസ്. മഹേശ്വരൻ, കെ.ആർ. രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് വാഹനങ്ങൾ ജാഥയിൽ പങ്കെടുത്തു.