കോഴഞ്ചേരി: ജില്ലാ ആശുപത്രി ഒ പി ആന്‍ഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക്, എ ആന്‍ഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കോഴഞ്ചേരി - വണ്ടിപ്പേട്ടയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍.ഖൊബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവര്‍ മുഖ്യാതിഥിയാകും.
കിഫ്ബി ഫണ്ട് 30.25 കോടി രൂപ വിനിയോഗിച്ചാണ് ഒപി, ഡയഗ്നോസ്റ്റിക് ബ്ലോക്ക് നിര്‍മാണം. ആരോഗ്യ കേരളം പദ്ധതിയില്‍ മൂന്ന് കോടി രൂപ ചെലവിലാണ് എ ആന്‍ഡ് ബി ബ്ലോക്ക് നവീകരിച്ചത്. ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണൻ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ആശുപത്രി ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിട്ടുനിൽക്കും
പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും, പത്തനംതിട്ട ജനറൽ ആശുപത്രിയിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തെരഞ്ഞുടുപ്പ് മൂന്നിൽ കണ്ട് മന്ത്രി വീണാ ജോർജ് നടത്തുന്ന ഉദ്ഘാടന നാടകത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അറിയിച്ചു.
ജനറൽ ആശുപത്രിയിൽ നബാർഡിന്റെ ധനസഹായത്തോടെയുള്ള ആറു നില കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നിർമാണം മാത്രമാണ് പുരോഗമിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്കും പൂർത്തിയായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന രാഷ്ട്രീയ തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോഴത്തേത്.
സ്വന്തം നിയോജകമണ്ഡലത്തിലുൾപ്പെടെ അടിസ്ഥാന ചികിൽസാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി തന്റെ പരാജയം മറച്ചുവയ്ക്കുന്നതിനു വേണ്ടി നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഉദ്ഘാടന പരിപാടികൾ. ആശുപത്രി കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാകാൻ ആറുമാസം കൂടിയെങ്കിലും ഇനി വേണ്ടിവരും.
ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് ആലോചിക്കാതെ ഏകപക്ഷീയമായി ഉദ്ഘാടന പരിപാടി നിശ്ചയിക്കുകയായിരുന്നുവെന്നും മന്ത്രിയുടെ ഇത്തരം നീക്കങ്ങളോടു യോജിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന തട്ടിപ്പുകൾ ജനം തിരിച്ചറിയുമെന്ന് യുഡിഎഫ്
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വികസന തട്ടിപ്പുകളാണ് ജില്ലയിൽ നടക്കുന്നതെന്ന് യുഡിഎഫ്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നുവരും.
പൂർത്തിയാകാത്ത പദ്ധതികളാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. ജനങ്ങൾക്ക് ഇവ ഉപകാരപ്രദമാകണമെങ്കിൽ ഇനി കാലങ്ങളെടുക്കും. പിണറായി വിജയന് മൂന്നാം ഊഴം ലഭിക്കുമെന്ന് പറയുന്നവർ അടുത്ത സർക്കാരിന് ഉദ്ഘാടനം നടത്താൻ സാവകാശം കൊടുത്തുകൂടേയെന്ന് യുഡിഎഫ് ജില്ലാ നേതാക്കൾ ചോദിച്ചു.
യുഡിഎഫാണ് അധികാരത്തിൽ വരികയെന്നുറപ്പുള്ളതുകൊണ്ടാണ് ഓടി നടന്ന് പാതിവഴിയിലായ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ല, ജനറൽ ആശുപത്രികളിലെ ഉദ്ഘാടന പ്രചാരണ പരിപാടികളിൽ നിന്ന് യുഡിഎഫ് നേതാക്കളെ ഒഴിവാക്കാനാണ് ശ്രമം. ഇത്തരം പരിപാടികളോടു തങ്ങൾക്കു താത്പര്യമില്ല.
പതിറ്റാണ്ടുകളായി നോക്കുകുത്തികളായി നിന്ന പല പദ്ധതികളുമാണ് പത്തുവർഷം അധികാരത്തിലിരുന്നശേഷം ഇറങ്ങിപ്പോകുന്ന ഇടവേളയിൽ തട്ടിക്കൂട്ട് ഉദ്ഘാടനങ്ങൾ നടത്തുന്നത്. ആശുപത്രി കെട്ടിടങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തട്ടിക്കൂട്ടി ഉദ്ഘാടനം ചെയ്യുന്നത് ഭാവിയിൽ ഗുരുതരമായ ഭവിഷ്യത്തുകൾക്കു വഴിവച്ചേക്കുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇത്തരം തട്ടിക്കൂട്ടുകൾക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും.
പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തി ഒഴിവായിട്ടുള്ളവരെ കണ്ടെത്തി ചേർക്കാനും അർഹതപ്പെട്ടവരെ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്കായി എല്ലാ നിയോജക മണ്ഡലങ്ങളിലും കാന്പെയ്നുകൾ യുഡിഎഫ് നടത്തും. ഭവന സന്ദർശനം അടക്കമുള്ള പരിപാടികളിലൂടെ വോട്ടർപട്ടികയിലെ പിഴവുകൾ കണ്ടെത്തി പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു