ഒപിയിൽ തിക്കും തിരക്കും, പിജി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി
പേരൂര്‍ക്കട: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സമരം നീളുന്നതിനാല്‍ മെഡിക്കൽ കോളജിലും രോഗികളും വലയുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം നടത്തിവരുന്നത്. ഇത് രോഗികളെ ബാധിക്കുന്നുണ്ട്. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരുമാണ് ദിവസങ്ങളായി ഒപിയില്‍ രോഗികളെ പരിശോധിച്ചു വരുന്നത്.
ഡോക്ടര്‍മാരുടെ സമരം മൂലം പിജി വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. ഒപിയില്‍ എത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ വരുന്നതിനാല്‍ വാക്കേറ്റത്തിനു വരെ തയ്യാറാകുന്നുണ്ട്. വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധുക്കളുമൊത്ത് ആശുപത്രിയില്‍ എത്തി കാത്തിരുന്ന് തിരികെപ്പോകുന്ന അവസ്ഥ ഇന്നലെയും ഉണ്ടായി. പലരും ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും പരിശോധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എത്തിച്ചേരുന്നത്.
ദൂരെസ്ഥലങ്ങളില്‍ നിന്ന് എത്തി ചികിത്സതേടി പോകാം എന്ന ധാരണയില്‍ മെഡിക്കല്‍കോളജില്‍ തമ്പടിച്ച് രണ്ടുദിവസമായി കാത്തുനിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന ഒപിയിലുള്ള തിരക്കും വാക്കേറ്റങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.
26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിവിധ താലൂക്കുകളില്‍ നിന്നും ദൂരെ ജില്ലകളില്‍ നിന്നുപോലും തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. ഇവരെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന കാര്യംപോലും സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.
സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കുറച്ചുപേരെങ്കിലും സമരത്തില്‍ നിന്നു പിന്മാറുമെന്ന ധാരണയിലായിരുന്നു ഇത്. എന്നാല്‍ ദിനംപ്രതി മെഡിക്കല്‍കോളജിലെ ചികിത്സാ പ്രതിസന്ധി തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
നെടുമങ്ങാട് ജില്ലാ ആശുപത്രി : ഒപി സേവനങ്ങൾ തുടർന്നും ബഹിഷ്കരിക്കും
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു നെടുമങ്ങാട് ജില്ലാ ആശുപത്രി ഒപി കൗണ്ടറുകൾ പ്രവർത്തനരഹിതമാണ്. ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നിലവിലെ സമര പരിപാടികൾ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായി സംഘടന അറിയിച്ചു.
യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പ്രകാരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒപി സേവനങ്ങൾ തുടർന്നും ബഹിഷ്കരിക്കും. അടിയന്തര സേവനങ്ങൾ മാത്രം തുടരുമെന്ന് സംഘടന വ്യക്തമാക്കി.