മാള: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസവകുപ്പും കെ-ഡിസ്ക്കും സംയുക്തമായി നടത്തിയ സംസ്ഥാനതല ശാസ്ത്ര പഥം 8.0 പരീക്ഷയില്‍ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ വിജയികളായി.
എട്ടാംക്ലാസ് വിദ്യാർഥികളായ അച്യുത് വി. പൈ, എസ്.എസ്. പ്രണവ്. എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന നൂതന സംവിധാനമായ സ്മാർട്ട് റോഡ് മാനേജ്മെന്റ് എന്ന ആശയമാണ് അംഗീകാരത്തിന് അർഹമായത്.
സംസ്ഥാന തലത്തിൽ വിവിധ ജില്ലകളിലെ സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 505 വിദ്യാർഥികൾ അവരുടെ 201 ആശയങ്ങളുമായി മത്സരത്തിൽ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 50,000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ 30 മുതൽ ഫെബ്രുവരി രണ്ട് വരെ എറണാകുളത്ത് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും അവസരമുണ്ട്. ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മുഖാമുഖത്തില്‍ പങ്കെടുക്കുവാനും ഇവർക്ക് അവസരം ലഭിക്കും.
മാള കാവനാട് കോനേരി വീട്ടില്‍ വിനീഷിന്റെയും, കൃഷ്ണപ്രിയയുടെയും മകനാണ് അച്യുത് വി.പൈ, പ്രണവ് അഷ്ടമിച്ചിറ പെരുപ്പാട്ട് വീട്ടില്‍ സിന്റോ സദാനന്ദന്റെയും സീമയുടെയും മകനാണ്.