വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു കാരണം ചെറായി ബീച്ചുകളിലെ റിസോർട്ടുകൾ അനിയന്ത്രിതമായി കുടിവെള്ളം ഉപയോഗിക്കുന്നതുകൊണ്ടെന്ന് പറവൂർ വാട്ടർ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം വെളിപ്പെടുത്തി. കുടിവെള്ള ക്ഷാമത്തെത്തുടർന്ന് പള്ളിപ്പുറം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഇന്നലെ എഞ്ചിനീയറെ ഉപരോധിച്ച സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ.
ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് റിസോർട്ടുകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എൻജിനീയർ അറിയിച്ചു. അങ്ങിനെയെങ്കിൽ നിർദ്ദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കണമെന്നായി സമരക്കാർ. ഇതിന് എൻജിനീയർ സമ്മതം മൂളിയില്ല.
നടപടി എടുത്തില്ലെങ്കിൽ തങ്ങൾ ഓഫീസിൽ തന്നെ കുത്തിയിരിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തിയതോടെ തുടർന്നു നടന്ന ചർച്ചയിൽ അടിയന്തരമായി പരിശോധന നടത്തി നിർദേശം ലംഘിക്കുന്നവരുടെ കണക്ഷനുകൾ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് എൻജിനീയർ ഉറപ്പുനൽകി.
ജില്ലാ ഭരണകൂടത്തിന്റെയും ഭരണകക്ഷി നേതാക്കളുടെയും ഒത്താശയോടെയാണ് റിസോർട്ടുകൾ അനിയന്ത്രിതമായി വെള്ളം ചോർത്തുന്നതെന്ന് സമരത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് വി.എസ്. സോളിരാജ്, പള്ളിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ചിദംബരൻ എന്നിവർ ആരോപിച്ചു.
Tags : nattu vishesham Drinking water shortage in Pallipuram