പായിപ്ര പഞ്ചായത്തിലെ കുടിവെളള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചപ്പോള്‍.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ കുടിവെളളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് ജനപ്രതിനിധികള്‍ സമരം അവസാനിപ്പിച്ചത്.
പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും കുടിവെളള ക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയാറാകാത്തത് മൂലമാണ് ഇന്നലെ രാവിലെ ഉപരോധ സമരം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ കുടിവെളളക്ഷാമം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ജല അഥോറിറ്റി അറ്റകുറ്റപ്പണി ചെയ്യുന്ന കോണ്‍ട്രാക്ടര്‍ക്ക് രണ്ട് വര്‍ഷമായി ബില്ല് മാറി നല്‍കാത്തത് മൂലം കൃത്യമായി പമ്പിംഗ് ലൈനില്‍ പണി നടക്കാത്തതും കുടിവെളള ക്ഷാമത്തിന് കാരണമാകുന്നതായും നേതാക്കള്‍ ആരോപിച്ചു.
പ്രസിഡന്റ് സീനത്ത് അസീസ്, വൈസ് പ്രസിഡന്റ് കെ.പി. ജോയി, സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബുബക്കര്‍, അംഗങ്ങളായ എം.സി. വിനയന്, മന്‍സൂര്‍ ചേന്നര, ശാലിനി ഷാജി എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam